റിയാദ് - സൗദി അറേബ്യന്‍ മണ്ണില്‍ നാഴികക്കല്ലായ ഗോള്‍ നേടി ആന്റോയ്ന്‍ ഗ്രീസ്മാന് അത്ലറ്റിക്കൊ മഡ്രീഡിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ റയല്‍ മഡ്രീഡിനെതിരായ ഗോളോടെ അത്ലറ്റിക്കോയുടെ എക്കാലത്തെയും ടോപ്സ്കോററായി ഫ്രഞ്ച് താരം. 174ാം ഗോളോടെ ലൂയിസ് അരഗോണസിനെയാണ് ഗ്രീസ്മാന് മറികടന്നത്. അന്തരിച്ച അരഗോണസ് 370 മത്സരങ്ങളിലായിരുന്നു 173 ഗോളടിച്ചത്. ഗ്രീസ്മാന് 368 മത്സരങ്ങളില്‍ 174 ഗോളിലെത്തി. ഡിസംബറില്‍ ഗെറ്റാഫെക്കെതിരായ കളിയിലെ ഇരട്ട ഗോളിലൂടെ അരഗോണിസിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു ഗ്രീസ്മാന്. തുടര്‍ന്നുള്ള മൂന്നു കളികളില്‍ ഗോളടിക്കാനായില്ല.
ഉയരം കുറവെന്നു പറഞ്ഞ് ഫ്രഞ്ച് ക്ലബ്ബുകള്‍ തിരസ്കരിച്ചപ്പോഴാണ് ഗ്രീസ്മാന് പ്രൊഫഷനല്‍ ഫുട്ബോള്‍ ഭാവി തേടി സ്പെയിനിലെത്തിയത്. അത്ലറ്റിക്കോയില് എട്ടാം സീസണാണ്. ഇടക്കാലത്ത് ബാഴ്സലോണയിലേക്ക് ചേക്കേറിയെങ്കിലും രണ്് സീസണിലും അത്ലറ്റിക്കോയിലെ മികവ് അവിടെ ആവര്‍ത്തിക്കാനായില്ല. ആദ്യം ലോണിലും പിന്നീട് സ്ഥിരമായും തിരിച്ചെത്തി.
മുപ്പത്തേഴാം മിനിറ്റില്‍ അതിമനോഹര ഗോളോടെയാണ് ഗ്രീസ്മാന് ചരിത്രം കുറിച്ചത്. പലതവണ ദിശ മാറ്റി ഡിഫന്റര്‍മാരെ വെള്ളം കുടിപ്പിച്ച ശേഷമായിരുന്നു ഗ്രീസ്മാന്റെ ഷോട്ട്.