ന്യൂദല്‍ഹി- എന്‍.ആര്‍.ഐ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ കുറുക്കുവഴി തേടുന്നവരെ പിടികൂടാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച നടപടി കോവിഡ് മഹാമാരി കാലത്തും മറ്റും നാട്ടിലെത്തി കൂടുതല്‍ കാലം താമസിച്ച പ്രവാസികള്‍ക്ക് തലവേദനയാകും.
ആദായനികുതി വെട്ടിപ്പ് തടയാനുള്ള നടപടികളുടെ ഭാഗമായാണ് പ്രവാസി ഇന്ത്യക്കാര്‍ക്കെതിരായ നടപടി. ഒരു സാമ്പത്തിക വര്‍ഷം 181 ദിവസത്തിന് താഴെ ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കാണ് എന്‍.ആര്‍.ഐ സ്റ്റാറ്റസ് ലഭിക്കുന്നത്. എന്‍.ആര്‍.ഐ സ്റ്റാറ്റസ് ലഭിച്ചവര്‍ വിദേശത്ത് സമ്പാദിക്കുന്നതിന്റെ കണക്കോ ആസ്തി വെളിപ്പെടുത്തുകയോ ഇന്ത്യയില്‍ ആദായനികുതി അടയ്ക്കുകയോ വേണ്ട. എന്നാല്‍, 181 ദിവസത്തിലേറെ ഇന്ത്യയില്‍ തന്നെ ചെലവിടുകയും തുടര്‍ന്ന് പ്രവാസിയാണെന്ന് ചൂണ്ടിക്കാട്ടി നികുതിബാധ്യത ഒഴിവാക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നടപടിയെടുക്കാനുള്ള നീക്കമാണ് ആദായനികുതി വകുപ്പ് അധികൃതര്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായി ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ താമസിച്ചതിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവാസികള്‍ക്ക് നോട്ടീസ് ലഭിച്ചു തുടങ്ങിയത്.
2014-15 മുതല്‍ 2022-23 സാമ്പത്തിക വര്‍ഷം വരെയുള്ള വിവരങ്ങളാണ് ആദായനികുതി വകുപ്പ് തേടുന്നത്.
181 ദിവസത്തിലധികം ഇന്ത്യയില്‍ തന്നെ തങ്ങിയവരാണെങ്കില്‍ വരുമാനത്തിനുള്ള ആദായനികുതി അടക്കണമന്നാണ് ഉത്തരവ്. 181 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങിയാല്‍ എന്‍.ആര്‍.ഐ സ്റ്റാറ്റസ് ഇല്ലാതാകുമെന്നതാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്ന കാരണം. കോവിഡ് പശ്ചാത്തലത്തിലും മറ്റും ഇന്ത്യയിലെത്തിയ നിരവധി പ്രവാസികള്‍ 181 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങുകയും പ്രവാസിയെന്ന പേരില്‍ ആദായനികുതി അടയ്ക്കാതിരിക്കുകയും ചെയ്തുവെന്നാണ് ആദായ നികുതി വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.
2014-15 മുതലുള്ള വിവരങ്ങള്‍ സത്യവാങ്മൂലമായി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് നികുതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാസ്‌പോര്‍ട്ടിലെ സ്റ്റാമ്പിംഗ് പ്രവാസികള്‍ക്ക് വിദേശത്ത് കഴിഞ്ഞതിന്റെ തെളിവായി കാണിക്കാവുന്നതാണെങ്കിലും ഇപ്പോള്‍ നിരവധി രാജ്യങ്ങളില്‍ സ്റ്റാമ്പിംഗ് ആവശ്യമില്ലെന്നത് അത്തരം രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും.
ഈ വാർത്ത കൂടി വായിക്കുക
ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരുന്നു; മകനെ കൊന്നതല്ലെന്ന് ആവര്‍ത്തിച്ച് ടെക്കി യുവതി
പഴമയും പുതുമയും കൈ കോർക്കുന്നു, നഗരപ്രൗഢി വീണ്ടെടുത്ത് ജിദ്ദ