കാസര്‍കോട് -എല്ലാ വര്‍ഷവും മുടങ്ങാതെ തന്റെ ജന്മദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര നടയില്‍ എത്താറുള്ള ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസും ഇക്കുറിയും എത്തില്ല.
ഇത് നാലാമത്തെ വര്‍ഷമാണ് യേശുദാസ് എത്താത്തത്. 48 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി യേശുദാസിനും കുടുംബത്തിനും കോവിഡ് കാരണം 2021 ല്‍ കൊല്ലൂരിലെത്താന്‍ കഴിഞ്ഞില്ല. അതിന് ശേഷം അമേരിക്കയിലായിരുന്ന ഗാനഗന്ധര്‍വ്വന് കഴിഞ്ഞ നാലുവര്‍ഷമായി യാത്ര മുടങ്ങിയിരിക്കുകയാണ്. ഈ വര്‍ഷം എന്തായാലും ഗാനഗന്ധര്‍വ്വന്‍ കൊല്ലൂരില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്തവണ അദ്ദേഹത്തിന്റെ 84 ാം പിറന്നാള്‍ കൂടിയായിരുന്നു. എന്നാല്‍ ഗാനഗന്ധര്‍വ്വനെ ഒരു നോക്ക് കാണുവാനും അദ്ദേഹത്തിന്റെ ശ്രുതിമധുരം നേരിട്ട് ആസ്വദിക്കാനും നിരവധി ഭക്തരാണ് കൊല്ലൂരില്‍ എത്തിച്ചേര്‍ന്നത്.
കൊല്ലൂരില്‍ എല്ലാ വര്‍ഷവും ജനുവരി പത്തിന് രാവിലെ ചണ്ഡികാഹോമത്തിലും ചണ്ഡികാഹോമത്തിനു ശേഷം ഗാനാര്‍ച്ചനയിലും യേശുദാസ് പങ്കെടുത്തിരുന്നു. 2021 ല്‍ അമേരിക്കയില്‍ ഡാലസിലെ വീട്ടിലിരുന്ന് ഓണ്‍ലൈനായി യേശുദാസ് സംഗീതാര്‍ച്ചന നടത്തിയിരുന്നു. അത് അന്ന് പ്രത്യേക സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ശതാഭിഷിക്തനാകുന്ന അദ്ദേഹം അമേരിക്ക ഡാലസിലെ വീട്ടില്‍ വെച്ചാണ് 84ാം പിറന്നാള്‍ ആഘോഷിച്ചത്. യേശുദാസിന്റെ 60ാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നുകൊണ്ട് പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് കൊല്ലൂരില്‍ നടത്തിവരുന്ന സംഗീതാരാധന ഇന്നലെയും നടത്തി.രാമചന്ദ്രന്‍ ആരംഭിച്ച സംഗീതാര്‍ച്ചനക്ക് ഇന്നലെ കാല്‍ നൂറ്റാണ്ട് തികഞ്ഞു. കൊവിഡിന് മുമ്പ് വരെ യേശുദാസും പതിവായി കൊല്ലൂരിലെ ഈ കച്ചേരിയില്‍ പാടിയിരുന്നു. യേശുദാസിനായി സംഗീത കച്ചേരി അവതരിപ്പിച്ച് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കാഞ്ഞങ്ങാട് രാമചന്ദ്രനെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര പൂജാരി ഗോവിന്ദ അഡിഗ പൊന്നാട അണിയിച്ച് ആദരിച്ചു. യേശുദാസിന്റെ 84 പിറന്നാള്‍ ദിവസവും കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഗീതാര്‍ച്ചന തുടര്‍ന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു സംഗീതാര്‍ച്ചന. പിറന്നാള്‍ ആഘോഷത്തിനായി എല്ലാവര്‍ഷവും ഒമ്പതിന് ഗാനഗന്ധര്‍വ്വന്‍ കൊല്ലൂരില്‍ എത്തിച്ചേര്‍ന്ന് ദീപാരാധന തൊഴുത് അടുത്തദിവസം സരസ്വതി മണ്ഡപത്തില്‍ ഗാനാര്‍ച്ചന നടത്തി ഗോവിന്ദ അഡിഗയുടെ വസതിയില്‍ നിന്നും പിറന്നാള്‍ സദ്യയുണ്ട് വൈകിട്ടോടെയാണ് യേശുദാസ് മടങ്ങാറുണ്ടായിരുന്നത്.
തുടക്കത്തില്‍ മേല്‍ശാന്തിയുടെ വീട്ടില്‍ തന്നെയായിരുന്നു യേശുദാസിന്റെ താമസവും ഭക്ഷണവും എല്ലാം. എന്നാല്‍ കൊല്ലൂരില്‍ വന്‍കിട ഹോട്ടലുകള്‍ വന്നതോടുകൂടി പിന്നീട് താമസം അങ്ങോട്ട് മാറി .എന്നാലും ഭക്ഷണം എപ്പോഴും ഗോവിന്ദ അഡിഗയുടെ വീട്ടില്‍ തന്നെയാണ്.യേശുദാസും ഭാര്യ പ്രഭാ യേശുദാസുമാണ് കൂടുതല്‍ തവണ പിറന്നാളാഘോഷിക്കാന്‍ കൊല്ലൂരില്‍ എത്തിച്ചേര്‍ന്നത്