Sorry, you need to enable JavaScript to visit this website.

വണ്ടൂർ മണ്ഡലം ലീഗ് നേതാക്കൾക്ക് ജിദ്ദയിൽ കെ.എം.സി.സി സ്വീകരണം

ജിദ്ദ കാളികാവ് പഞ്ചായത്ത് കെ.എം.സി.സി പരിപാടിയിൽ പി.കെ മുസ്തഫ ഹാജി സംസാരിക്കുന്നു.
വണ്ടൂർ മണ്ഡലം മുസ് ലിം ലീഗ് നേതാക്കൾക്ക് സ്വീകരണം നൽകിയപ്പോൾ.

മജീദ്, റഹ് മാൻ, കുഞ്ഞിപ്പ സ്മാരക ഉദ്ഘാടനം 17ന്

ജിദ്ദ- വണ്ടൂർ മണ്ഡലം മുസ് ലിം ലീഗ് നേതാക്കൾക്ക് ജിദ്ദയിൽ കാളികാവ് പഞ്ചായത്ത് കെ.എം.സി.സി സ്വീകരണം നൽകി. വിശുദ്ധ ഉംറ നിർവഹിക്കാനെത്തിയ ഖത്തർ കെ.എം.സി.സിയുടെയും കാളികാവ് പഞ്ചായത്ത് മുസ് ലിം ലീഗിന്റെയും ഭാരവാഹിയായ പി.കെ മുസ്തഫ ഹാജിക്കും, വണ്ടൂർ മണ്ഡലം മുസ് ലിം ലീഗ് നേതാവും മുൻ പ്രവാസിയുമായ എടപ്പറ്റ മജീദിനുമാണ് ജിദ്ദ കാളികാവ് പഞ്ചായത്ത് കെ.എം.സി.സി ഷറഫിയ സഫയർ ഹോട്ടലിൽ നടന്ന പരിപാടിയിൽ സ്വീകരണം  നൽകിയത്.
കാളികാവ് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് മുഹ്ദാർ തങ്ങൾ അധ്യക്ഷത വഹിച്ച യോഗം സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സാബിൽ മമ്പാട് മുഖ്യ പ്രഭാഷണം നടത്തി.  
മുസ് ലിം വിദ്യാർഥി തലമുറയുടെ സാംസ്‌കാരിക വ്യക്തിത്വം നശിപ്പിക്കുക, സമുദായത്തിന് പ്രാതിനിധ്യപരവും സാമ്പത്തികവുമായ ഉണർവ് നൽകിയ അറബി അധ്യാപക തസ്തികകൾ ഇല്ലാതാക്കുക എന്നീ ലക്ഷ്യത്തോടെ വിശിഷ്യാ അറബി ഭാഷക്കെതിരെ ഇടതു സർക്കാർ കൊണ്ടുവന്ന കരിനിയമങ്ങൾക്കെതിരെ 1980 ൽ റമദാൻ മാസം 17ന് (ജൂലൈ 30) മുസ് ലിം യൂത്ത് ലീഗ് പ്രവർത്തകർ കലക്ടറേറ്റുകളിലേക്ക് സംഘടിപ്പിച്ച ഭാഷാ സമരത്തിൽ ജീവൻ ബലിയർപ്പിച്ച മജീദ്, റഹ് മാൻ, കുഞ്ഞിപ്പ എന്നും നമ്മുടെ മനസ്സിലെ ജ്വലിക്കുന്ന ഓർമകളാണ്. 
അക്കമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ ഇങ്ങനെയാണ് ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാർ പൊതുവിദ്യാലയങ്ങളിൽ നിന്ന് അറബി ഭാഷാ പഠനത്തെ എടുത്തു കളയാനുള്ള കുടില പദ്ധതിയെ നിരുപദ്രവകരമെന്ന് തോന്നും വിധം 'മനോഹരമായി' ആംഗലേയവൽക്കരിച്ചത്. ഇടതുപക്ഷ സർക്കാറിന്റെ പോലീസ് ധാർഷ്ട്യത്തിനു മുന്നിൽ രക്തം ചിന്തി പിടഞ്ഞുതീർന്ന ആ മൂന്ന് സമരോത്സുക യൗവനങ്ങളിലൊന്നായ ഭാഷാസമര രക്തസാക്ഷി കുഞ്ഞിപ്പയുടെ സ്മരണക്കായി കാളികാവിലുയരുന്ന മുസ് ലിം ലീഗ് ഓഫീസ് 2023 ജനുവരി 17ന് ഉദ്ഘാടനം കർമം നിർവഹിച്ച് തുറന്ന് പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യാതിഥിയായെത്തിയ പി.കെ മുസ്ഫത ഹാജി  പറഞ്ഞു.
തന്റെ പ്രവാസകാല ജീവിതം അയവിറക്കിയ മജീദ് എടപ്പറ്റ കെ.എം.സി.സി കെട്ടിപ്പടുക്കാൻ മുൻകഴിഞ്ഞു പോയ നേതാക്കൾ അനുഭവിച്ച ത്യാഗം നാം മറന്നു പോകരുതെന്നും, കെ.എം.സി.സിയും മുസ് ലിം ലീഗും എന്നും സമുദായത്തിന്റെ നന്മക്കായി പ്രവർത്തിക്കുന്ന സംഘടനകളാണെന്നും ഓർമപ്പെടുത്തി. ജിദ്ദയിലെ വണ്ടൂർ മണ്ഡലം കെ.എം.സി.സിയുടെ കീഴിലെ വിവിധ പഞ്ചായത്തുകളിലെ നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.  
വണ്ടൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി സലാം തുവ്വൂർ, യൂനുസ് ബാബു സി.ടി പോരൂർ, അൻവർ എ.പി വണ്ടൂർ, ജാഫർ നാലകത്ത് വണ്ടൂർ, മുഹമ്മദ് റാഫി മാട്ടക്കുളം, ഹാരിസ് ബാബു മമ്പാട്, ഫൈസൽ പുന്നപ്പാല, സാജിദ് ബാബു, ഹസ്സൻ മഞ്ചേരി, സുലൈമാൻ വന്തോടൻപടി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ കാളികാവ് പഞ്ചായത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി ശിഹാബ് കിഴിശ്ശേരി സ്വാഗതവും സിറാജ് അമ്പലക്കടവ് നന്ദിയും പറഞ്ഞു.

Tags

Latest News