ജിദ്ദ- അനുഗൃഹീത ഫുട്ബാളര്‍ സാദിയോ മാനേയുടെ മാംഗല്യം ആഘോഷിച്ചും ആശംസ നേര്‍ന്നും മലയാളികളും. അലങ്കാര പുതുക്കമെന്ന മാപ്പിളപ്പാട്ട് വരികള്‍ ചേര്‍ത്തുള്ള ഇരുവരുടേയും മണിയറ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.
സെനഗലിന്റെ കളിമുറ്റത്തുനിന്ന് ലോകത്തോളം വളര്‍ന്ന് ഇപ്പോള്‍ സൗദിയിലെ അല്‍നസ്ര്‍ ക്ലബ് താരമായ സാദിയോ മാനേ ദീര്‍ഘകാല പ്രണയിനിയായ ഐഷ താംബയെയാണ് ജീവിത സഖിയാക്കിയത്. മികച്ച കളിക്കാരനെന്നതോടൊപ്പം ജീവകാരുണ്യ, മനുഷ്യ സ്‌നേഹിയായും അറിയിപ്പെടുന്ന മാനേ ജന്മനാടായ സെനഗലിലെ ബാംബലിയില്‍ സ്‌റ്റേഡിയം നിര്‍മിച്ചുനല്‍കുമെന്ന വാഗ്ദാനം നിറവേറ്റിയ ശേഷമാണ് വിവാഹിതനായത്.
സെനഗലിലെ കസാമാന്‍ക സ്വദേശിനിയാണ് ഐഷ താംബ. ഇരുവരും മദിംഗ്വെ ഭാഷ സംസാരിക്കുന്നവരാണ്. കൗമാരകാലത്തുതന്നെ മാനെയുമായി ഐഷ ഇഷ്ടത്തിലായിരുന്നു. കാമുകിയുടെ പഠനകാലത്തുതന്നെ അവളുടെയും കുടുംബത്തിന്റെയും ജീവിതച്ചെലവുകള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നത് മാനെയായിരുന്നു. രണ്ടുതവണ ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍താരം തന്റെ വ്യക്തിജീവിതം എപ്പോഴും മാധ്യമങ്ങളില്‍നിന്ന് മറച്ചുപിടിക്കുമായിരുന്നു.
സെനഗലില്‍ സ്‌കൂളുകളും ആശുപത്രികളുമൊക്കെ നിര്‍മിക്കാന്‍ പണം നല്‍കി നാടിന്റെ ഇഷ്ടതാരമായ മിഡ്ഫീല്‍ഡറുടെ പ്രണയത്തെക്കുറിച്ച് വളരെ കുറച്ചുപേര്‍ക്കേ അറിവുണ്ടായിരുന്നുള്ളൂ. പ്രിയതാരത്തി?ന്റെ വിവാഹത്തിനൊപ്പം സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനവും ചേര്‍ന്നതോടെ മാനേയുടെ വിവഹാം സെനഗലിന്റെ മുഴുവന്‍ ആഘോഷമായി മാറിയിരുന്നു.