Sorry, you need to enable JavaScript to visit this website.

കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ പദവി ഒഴിയല്‍; മുസ്‌ലിം ലീഗില്‍ തീരുമാനമായില്ല

കല്‍പറ്റ-നഗരസഭ ചെയര്‍മാന്‍ പദവി ഒഴിയുന്നതില്‍ മുസ്‌ലിംലീഗില്‍ തീരുമാനമായില്ല. യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ചയില്‍ കോണ്‍ഗ്രസില്‍നിന്നു ഉറപ്പുലഭിച്ചതിനുശേഷം മുനിസിപ്പല്‍ ചെയര്‍മാന് രാജി നിര്‍ദേശം നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് മുസ്‌ലിംലീഗ് ജില്ലാ, മുനിസിപ്പല്‍ നേതൃത്വമെന്നാണ് വിവരം. മുസ്‌ലിംലീഗിലെ മുജീബ് കെയെംതൊടിയാണ് മുനിസിപ്പല്‍ ചെയര്‍മാന്‍. യു.ഡി.എഫ് ധാരണയനുസരിച്ച് ഇദ്ദേഹം കഴിഞ്ഞ ജൂണില്‍ രാജിവെക്കേണ്ടതായിരുന്നു. എന്നാല്‍ മുജീബ് രാജിവെക്കുന്ന മുറയ്ക്ക് ആരെ ചെയര്‍മാനാക്കണമെന്നതില്‍ കോണ്‍ഗ്രസില്‍ സമവായം ഉണ്ടായില്ല.  കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ എമിലി ഡിവിഷനില്‍നിന്നുള്ള അഡ്വ.ടി.ജെ.ഐസക്കും മടിയൂര്‍ ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന പി.വിനോദ്കുമാറും ചെയര്‍മാന്‍ പദവിക്കായി രംഗത്തുവന്നതാണ് കോണ്‍ഗ്രസിനു പ്രതിസന്ധിയായത്.
മുജീബിന്റെ  രാജി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടിന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഇന്‍ ചാര്‍ജ് എന്‍.കെ.റഷീദിന് കത്ത് നല്‍കിയിരുന്നു. മുനിസിപ്പാലിറ്റിയിലെ ഭരണമാറ്റം ഡി.സി.സി യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷമാണ് കത്ത് തയാറാക്കിയത്. ജനുവരി അഞ്ചിന് മുജീബ് ചെയര്‍മാന്‍ പദവി ഒഴിയണമെന്നായിരുന്നു കത്തിലെ ആവശ്യം. എന്നാല്‍ വികസന സെമിനാര്‍ ഉള്‍പ്പെടെ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ലീഗ് 10 ദിവസത്തെ സാവകാശം ചോദിക്കുകയാണുണ്ടായത്.
15ന് മുജീബ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്നു കോണ്‍ഗ്രസ് നേതൃത്വം കരുതിയിരിക്കെയാണ് യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ച ഉറപ്പുവരുത്തണമെന്ന നിലപാട് മുസ്‌ലിംലീഗ് സ്വീകരിച്ചത്.  കോണ്‍ഗ്രസുമായുള്ള ധാരണ പാലിക്കാനും പദവി ഒഴിയണമെന്നു മുജീബിനോട് ആവശ്യപ്പെടാനും ലീഗ് നേതൃത്വം സന്നദ്ധമാണ്. എന്നാല്‍ യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ച സംബന്ധിച്ച്  ലീഗിന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പുനല്‍കിയിട്ടില്ല. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആര് വരുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമില്ല.
28 ഡിവിഷനുകളാണ് നഗരസഭയില്‍.യു.ഡി.എഫിനു 15 ഉം എല്‍.ഡി.എഫിനു 13ഉം കൗണ്‍സിലര്‍മാരുണ്ട്. യു.ഡി.എഫില്‍ മുസ്‌ലിം ലീഗിനു ഒമ്പതും കോണ്‍ഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ് അംഗങ്ങളില്‍ മൂന്നു പേര്‍ വനിതകളാണ്.
ചെയര്‍മാന്‍ പദവിയില്‍ നോട്ടമിട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഐസക് കെ.പി.സി.സി മുന്‍ സെക്രട്ടറിയാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന പ്രവര്‍ത്തകനാണ് വിനോദ്കുമാര്‍. കൗണ്‍സിലിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ വനിതയടക്കം രണ്ടുപേര്‍ വിനോദ്കുമാറിനൊപ്പമാണ്. ചെയര്‍മാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം എടുക്കുന്ന തീരുമാനം ഹിതകരമല്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് വിനോദ്കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഭരണത്തുടര്‍ച്ചയില്‍ ഉറപ്പുലഭിച്ചാല്‍ മാത്രം മുജീബ് രാജിവെച്ചാല്‍ മതിയെന്ന ലീഗ് നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസിലെ കാര്യങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ തീരുമാനിക്കുമെന്നാണ് വിനോദ്കുമാര്‍ പ്രതികരിച്ചത്. ചെയര്‍മാന്‍ വിഷയത്തില്‍ കോണ്‍ഗ്രസിലുള്ള അനൈക്യം മുതലെടുക്കാന്‍ എല്‍.ഡി.എഫ് കാര്യമായ താത്പര്യം എടുക്കുന്നില്ല.
കോണ്‍ഗ്രസിലെ കെ.അജിതയാണ് നഗരസഭാ ഉപാധ്യക്ഷ. മുജീബ് 15ന് രാജിവച്ചാല്‍ അജിതയും പദവി ഒഴിയണം. മുന്നണി ധാരണയനുസരിച്ച് മുസ്‌ലിം ലീഗിന് വൈസ് പ്രസിഡന്റ് പദവി ലഭിക്കണം.

 

 

 

Latest News