കല്പറ്റ-സംസ്ഥാനത്തെ വായ്പ സഹകരണ സംഘങ്ങളും ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കു നല്കാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി. സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പലിശ നിര്‍ണയ ഉന്നതതല സമിതി യോഗത്തിലായിരുന്നു ഇക്കാര്യത്തില്‍ തീരുമാനം.
സംസ്ഥാന സഹകരണ ബാങ്ക് സ്വീകരിക്കുന്ന 15-45 ദിവസം വരെയുള്ള വ്യക്തിഗത നിക്ഷേപങ്ങള്‍ക്ക് നല്കാവുന്ന പലിശ 5.5 ശതമായി തുടരും. 46-90 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയിലും മാറ്റമില്ല-ആറ് ശതമാനം. 91 ദിവസം മുതല്‍ 179 ദിവസം വരയെുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനത്തില്‍നിന്നു 6.75 ശതമാനമായി വര്‍ധിപ്പിച്ചു. 180 ദിവസം മുതല്‍ 364 ദിവസം വരെയുള്ളതിന്റേത് 6.75 ശതമാനമായിരുന്നത് 7.25 ശതമാനമായി ഉയര്‍ത്തി.
ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തിനു താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനം പലിശ ലഭിക്കും. നിലവില്‍ ഇത് 7.25 ശതമാനമാണ്. രണ്ട് വര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങളുടെ പരമാവധി പലിശ ഏഴില്‍നിന്നു 7.75 ശതമാനമായി വര്‍ധിപ്പിച്ചു.
സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ കോ ഓപ്പേറ്റീവ് സൊസൈറ്റികള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘങ്ങള്‍, മിസലേനിയസ് സഹകരണ സംഘങ്ങള്‍ എന്നിവയില്‍ 15-45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പരമാവധി പലിശ ആറ് ശതമാനമായും 46-90 ദിവസം വരെയുള്ളതിന്റേത് 6.50 ശതമാനമായും നിലനിര്‍ത്തി.
91-179 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ ഏഴില്‍നിന്നു ഏഴര ശതമാനമായും
180-364 ദിവസം വരെയുള്ളതിന്റേത് 7.25ല്‍നിന്നു 7.75 ശതമാനമായും ഉയര്‍ത്തി. ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തിനു താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 8.25 ശതമാനത്തില്‍നിന്നു ഒമ്പത് ശതമാനമായി വര്‍ധിപ്പിച്ചു. രണ്ട് വര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങളുടെ പരമാവധി പലിശ എട്ടില്‍നിന്നു 8.75 ശതമാനമായി വര്‍ധിപ്പിച്ചു. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് പരമാവധി അര ശതമാനം നിരക്കില്‍ അധിക പലിശ ലഭിക്കും.
സംസ്ഥാന സഹകരണ ബാങ്ക് സംഘങ്ങളില്‍നിന്നു സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് നല്‍കേണ്ട പലിശ നിരക്കും പതുക്കി. ഇതനുസരിച്ച് 15-45 ദിവസത്തെ നിക്ഷേപങ്ങളുടേത് ആറും 46-90 ദിവസത്തെ നിക്ഷേപങ്ങളുടേത് 6.50 ഉം ശതമാനമായി തുടരും. 91-179 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ ഏഴില്‍നിന്നു 7.25 ശതമാനമായി. 180-364 ദിവസം വരെയുള്ളവയുടേത് 7.25 ശതമാനത്തില്‍നിന്നു 7.50 ശതമാനമായി വര്‍ധിപ്പിച്ചു. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിനു താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനം പലിശ ലഭിക്കും. നിലവില്‍ ഇത് 8.25 ശതമാനമാണ്. രണ്ടു വര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങളുടെ പലിശ എട്ടില്‍നിന്നു 8.25 ശതമാനമായി കൂട്ടി. സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരും. സ്ഥിര നിക്ഷേപങ്ങള്‍ക്ക് സഹകരണ രജിസ്ട്രാര്‍ നിശ്ചയിച്ചതിലും അധിക നിരക്കില്‍ പലിശ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ, നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അധികാരം റദ്ദുചെയ്യുന്നതിനു നടപടിയുണ്ടാകും.
സംസ്ഥാന സഹകരണ ബാങ്കില്‍ മിക്ക ഓണ്‍ലൈന്‍ സേവനങ്ങളും നിലവില്‍വന്ന സാഹചര്യത്തില്‍ ഇതര വാണിജ്യ ബാങ്കുകളില്‍ സൂക്ഷിച്ച സി.എ.എസ്.എ നിക്ഷേപം പൂര്‍ണമായും കേരള ബാങ്കിലേക്ക് മാറ്റുന്നതിന് സംഘങ്ങള്‍ക്ക് നിര്‍ദേശം നല്കി.