ന്യൂഡൽഹി- അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചിടത്ത് ഈ മാസം 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്. ചടങ്ങിലേക്ക് ക്ഷണം ലഭിച്ച കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നും ആദരവോടെ ക്ഷണം നിരസിക്കുന്നതായും എ.ഐ.സി.സി അറിയിച്ചു.
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പരിപാടിയാണ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. ആർ.എസ്.എസും ബി.ജെ.പിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും കോൺഗ്രസ് വിമർശിച്ചു.
നിർമാണം പൂർത്തിയാക്കും മുമ്പുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോൺഗ്രസ് വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്
എന്നിവർക്കാണ് ക്ഷണം ലഭിച്ചിരുന്നത്. ക്ഷേത്രപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമെന്നും വേണ്ടെന്നും പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതിനു പിന്നാലെ ഏറെ ആലോചിച്ച ശേഷമാണ് എ.ഐ.സി.സി നേതൃത്വം ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇടതു പാർട്ടികളും ഇന്ത്യാ മുന്നണിയിലെ മറ്റു ചില പാർട്ടികളും ആർ.എസ്.എസ് പരിപാടിക്കെതിരേ രൂക്ഷ വിമർശവുമായി പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് കൃത്യമായി നിലപാട് വ്യക്തമാക്കിയപ്പോൾ കോൺഗ്രസ് പെട്ടെന്നൊരു തീരുമാനം പ്രഖ്യാപിക്കാതെ അറച്ചുനിന്നത് ഏറെ വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. അപ്പോഴും പാർട്ടി ബി.ജെ.പി കുഴിച്ച കുരുക്കിൽ വീഴില്ലെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ തുറന്നു പ്രഖ്യാപിച്ചിരുന്നു.