കൊച്ചി- കൊച്ചി മെട്രോയിൽ ഇനി വാട്സ്ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. നിലവിൽ മൊബൈൽ ആപ് വഴി ടിക്കറ്റുകൾ ലഭ്യമാണ്. കെഎംആർഎൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നടി മിയാ ജോർജ് വാട്സ്ആപ് ടിക്കറ്റിങ് സംവിധാനം ഉദ്ഘാടനം ചെയ്തു. 9188957488 എന്ന വാട്സ്ആപ് നമ്പറിലൂടെയാണ് വാട്സ്ആപ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക. ഈ നമ്പർ സേവ് ചെയ്ത ശേഷം ഒശ എന്ന് മെസേജ് അയക്കണം. തുടർന്ന് ക്യൂആർ ടിക്കറ്റ്, ബുക്ക് ടിക്കറ്റ് എന്നീ ഓപ്ഷനുകളിൽ ക്ലിക്ക് ചെയ്യണം. യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകൾ തെരഞ്ഞെടുത്ത ശേഷം യുപിഐ, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ സംവിധാനങ്ങൾ വഴി പണമടയ്ക്കാം. തുടർന്ന് ഡിജിറ്റൽ ടിക്കറ്റ് വാട്സ്ആപ് വഴി ലഭിക്കും. ഈ ടിക്കറ്റിൽ അര മണിക്കൂറിനകം യാത്ര ചെയ്യണം. ഒരേസമയം ആറ് പേർക്കുള്ള ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. ഇന്ന് മുതൽ പുതിയ ടിക്കറ്റിങ് സംവിധാനം നിലവിൽ വരും. വാട്സ്ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഇളവും ലഭിക്കും. തിരക്കില്ലാത്ത സമയങ്ങളിൽ (രാവിലെ 5.45 മുതൽ 7 മണി വരെയും, രാത്രി 10 മുതൽ 11 മണി വരെയും) 50 ശതമാനം ഇളവും ടിക്കറ്റിന് ലഭിക്കും. പുതിയ സംവിധാനത്തിലൂടെ തിരക്കുള്ള സമയങ്ങളിലും ക്യൂ നിൽക്കാതെയും ഇനി മുതൽ യാത്രക്കാർക്ക് എളുപ്പം മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബംഗളൂരു മെട്രോയിൽ ഉൾപ്പെടെ വാട്സ്ആപ് ടിക്കറ്റിങ് സംവിധാനം വൻ വിജയമായിരുന്നു.