അല്‍ഹുഫൂഫ് - ദാകാര്‍ റാലിയുടെ നാലാം സ്റ്റെയ്ജില് വിജയം പിടിച്ച് ഫ്രഞ്ച് ഡ്രൈവര്‍ സെബാസ്റ്റ്യന്‍ ലോബ്. മൂന്നാം സ്റ്റെയ്ജിനിടെ പലതവണ ടയര്‍ പഞ്ചറായ ശേഷം ലോബിന് ഉജ്വല തിരിച്ചുവരവാണ്. സൗദി ഡ്രൈവര്‍ യസീദ് അല്‍റാജിയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ രണ്ടു തവണ ചാമ്പ്യനായ നാസര്‍ അല്‍അതിയ്യ മൂന്നാം സ്ഥാനത്തെത്തി. ഒമ്പത് തവണ ലോക റാലി ചാമ്പ്യനായിട്ടുണ്ടെങ്കിലും ലോബിന് ഇതുവരെ ദാകാര്‍ ചാമ്പ്യനാവാന്‍ സാധിച്ചിട്ടില്ല.
അല്സലാമിയക്കും അല്ഹുഫൂഫിനുമിടയിലെ 299 കിലോമീറ്റര്‍ സ്പെഷ്യലുള്പ്പെടെ 631 കിലോമീറ്ററായിരുന്നു ദുര്‍ഘടമായ നാലാം സ്റ്റെയ്ജില് ഒരു മിനിറ്റ് എട്ട് സെക്കന്റിന്റെ വ്യത്യാസത്തിലാണ് യസീദിനെ ലോബ് മറികടന്നത്. യസീദ് ഓവറോള്‍ ലീഡ് തുടരുന്നു. ലോബിനെക്കാള് 23 മിനിറ്റ് 50 സെക്കന്റ് മുന്നിലാണ്. ലോബിനും അഞ്ച് മിനിറ്റ് പിന്നിലാണ് അതിയ്യ.
മോട്ടോര്‍ബൈക്ക് വിഭാഗത്തില്‍ ഇഗ്നാസിയൊ കോര്‍ണിയൊ ഈ വര്‍ഷം രണ്ടാമത്തെ സ്റ്റെയ്ജ് വിജയം നേടി. ഓവറോള്‍ ലീഡും ചിലി റൈഡര്‍ക്കു തന്നെ. ബുധനാഴ്ച അഞ്ചാം സ്റ്റെയ്ജ് റുബുഉല്‍ ഖാലി മരുഭൂമിയിലൂടെയാണ് 645 കിലോമീറ്ററാണ്. അല്‍ഹുഫൂഫ് മുതല്‍ ശുബയ്ത വരെയുള്ള സ്പെഷ്യല്‍ 118 കിലോമീറ്ററും ഇതില്‍പെടും.