കൊച്ചി - ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചുവെന്നും ആവശ്യമെങ്കിൽ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
താൽപര്യമുള്ള അഭിഭാഷകന്റെ പേര് നിർദ്ദേശിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾക്ക് എന്ത് പറയാനുണ്ടെങ്കിലും കേൾക്കാൻ സംസ്ഥാന പോലീസ് മേധാവി തയ്യാറാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും കോടതിക്കു കൈമാറി.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഏകപ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലും 18ന് ഹൈക്കോടതി വാദം കേൾക്കും. 2023 മെയ് പത്തിനാണ് യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കിടെ പ്രതി കൊല്ലം നെടുമ്പന യു.പി.എസിലെ അധ്യാപകനായിരുന്ന സന്ദീപ് പ്രകോപിതനായി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു.
ഹർജിയിൽ കക്ഷി ചേരാൻ പ്രതി സന്ദീപിന് കോടതി അനുമതി നൽകിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അന്തിമ വാദത്തിനായി ഹൈക്കോടതി ഈ മാസം 18-ലേക്ക് മാറ്റി.