ന്യൂദല്‍ഹി- റെയില്‍വേയില്‍ ജോലി നല്‍കുന്നതിനു പകരം ഭൂമി ആവശ്യപ്പെട്ട കേസില്‍ ഇ. ഡി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവി, മകളും എം. പിയുമായ മിസ ഭാരതി എന്നിവരാണ് കേസിലെ പ്രതികള്‍.
ഇരുവര്‍ക്കും പുറമേ ആര്‍. ജെ. ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തരേയും ബന്ധുക്കളേയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമം പ്രകാരമുള്ള കേസുകള്‍ക്കുള്ള പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസ് ജനുവരി 16ന് പരിഗണിക്കും. ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനായ അമിത് കത്യാലും പ്രതിപ്പട്ടികയിലുണ്ട്. കേസില്‍ കത്യാലിനെ ഇ. ഡി കഴിഞ്ഞ വര്‍ഷം നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ലാലു പ്രസാദ് യാദവിനും മകന്‍ തേജസ്വി യാദവിനും സമന്‍സ് നല്‍കിയിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല.
ഒന്നാം യു. പി. എ സര്‍ക്കാരിന്റെ കാലത്ത് ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോഴാണ് അഴിമതി നടന്നത്. 2004 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ നിരവധി പേരെ റെയില്‍വേയുടെ വിവിധ സോണുകളിലായി ഗ്രൂപ് ഡി പദവിയിലേക്ക് നിയമിച്ചിരുന്നു. ഇവരെല്ലാം തങ്ങളുടെ പേരിലുള്ള ഭൂമി ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ എ. കെ. ഇന്‍ഫോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലും എഴുതി നല്‍കിയിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ സി. ബി. ഐ മുന്‍പേ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു.