സിയോള്‍- വിനോദ സഞ്ചാര മേഖയ്ക്ക് ഉള്‍പ്പെടെ ദോഷകരമായി ബാധിക്കുന്നെന്ന് തിരിച്ചറിഞ്ഞതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശീലം ഉപേക്ഷിക്കാന്‍ തയ്യാറെടുത്ത് ദക്ഷിണ കൊറിയ. പട്ടിയിറച്ചി വില്‍പ്പനയും ഭക്ഷിക്കുന്നതുമാണ് ദക്ഷിണ കൊറിയ നിരോധിക്കുന്നത്.
പട്ടിയിറച്ചി ഭക്ഷണമാക്കുന്നതിനോട് കൊറിയന്‍ യുവാക്കളും വലിയ താത്പര്യം കാണിക്കുന്നില്ല. അതോടൊപ്പം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് രാജ്യാന്തര തലത്തില്‍ ഭംഗം വരുന്നതും ഭരണകൂടം ശ്രദ്ധിച്ചതോടെയാണ് പട്ടിയിറച്ചി നിരോധനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
പട്ടികളെ അറുക്കുന്നതിനായി കൂട്ടമായി വളര്‍ത്തുന്നതും വില്‍ക്കുന്നതും അറുക്കുന്നതും ഭക്ഷണമായി വില്‍ക്കുന്നതും നിരോധിച്ചു കൊണ്ടുള്ള ബില്‍ നാഷണല്‍ അസംബ്ലിയില്‍ എതിരില്ലാതെ 208 വോട്ടോടെയാണ് പാസ്സാക്കിയത്. കാബിനറ്റ് കൗണ്‍സിലിന്റെ പിന്തുണയോടെ പ്രസിഡന്റ് യൂണ്‍ സുക് ഇയോള്‍ ബില്ലില്‍ ഒപ്പുവെച്ചു കഴിഞ്ഞാല്‍ 2027 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. 2027 മുതല്‍ പട്ടിയിറച്ചി വിറ്റാല്‍ മൂന്നു വര്‍ഷം വരെ തടവു നല്‍കാനാണ് ബില്ലില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
നിരവധി പേര്‍ പട്ടി ഫാമുകള്‍ നടത്തുന്നുണ്ടെങ്കിലും അടുത്തിടെ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം ദക്ഷിണകൊറിയക്കാരും പട്ടിയിറച്ചി കഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് കണ്ടെത്തിയത്. പരമ്പരാഗതമായി പട്ടിയിറച്ചി വില്‍പ്പന നടത്തുന്നവര്‍ ദക്ഷിണ കൊറിയയില്‍ ധാരാളമുള്ളതിനാല്‍ നിരോധനത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.