ന്യൂദല്‍ഹി- ചരക്കു കപ്പലുകള്‍ക്കെതിരെയുള്ള ആക്രമണം അറബിക്കടലില്‍ തുടരുന്നതോടെ നിരീക്ഷണം നടത്താന്‍ ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ഡ്രോണ്‍ ആക്രമണങ്ങളും കൊള്ളക്കാരുടെ ആക്രമണവും പതിവായതോടെയാണ് ഇന്ത്യയുടെ പുതിയ നീക്കം.
ഐഎന്‍എസ് കൊല്‍ക്കൊത്ത, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് മോര്‍മുഗോ, ഐഎന്‍എസ് തല്‍വാര്‍, തര്‍ക്കാഷ് എന്നിവയെയാണ് അറബിക്കടലില്‍ നിരീക്ഷണത്തിന് വിന്യസിച്ചത്. ഇതോടൊപ്പം നാവികസേനയും തീരദേശ സേനയും നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കൂടാതെ നിരീക്ഷണത്തിനായി പി-8ഐ ലോങ് റേഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, എംക്യു-9ബി സി ഗാര്‍ഡിയന്‍ ഡ്രോണുകള്‍ എന്നിവയും സുസജ്ജമാണ്. ചെങ്കടലില്‍ ഹൂതികളുടെ ആക്രമണത്തെ ചെറുക്കുന്നതിന് യു. എസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ലൈബീരിയന്‍ പതാക വഹിച്ചു കൊണ്ടുള്ള എംവി കെം പ്ലൂട്ടോ എന്ന കപ്പലിനു നേരെ കൊള്ളക്കാരുടെ ആക്രമണമുണ്ടാതോടെയാണ് ഇന്ത്യ കടല്‍ നിരീക്ഷണം ശക്തമാക്കിയത്.