കോഴിക്കോട് - സ്വര്‍ണ്ണം, അത് മലയാളികള്‍ക്ക് സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും വിശ്വാസത്തിന്റെയും സമ്പന്നതയുടെയും ആഡംബരത്തിന്റെയുമെല്ലാം പ്രതീകമാണ്. പെണ്ണായാല്‍ പൊന്നുവേണം എന്ന് പറഞ്ഞ് കല്യാണത്തി്‌ന് വധുവിനെ സ്വര്‍ണ്ണം കൊണ്ട് മൂടാനാണ് പുതിയ കാലത്തും മാതാപിതാക്കള്‍ ശ്രമിക്കുന്നത്.. കുഞ്ഞു പിറക്കുമ്പോള്‍, വിവാഹ വാര്‍ഷികത്തിന്, ജന്‍മ ദിനത്തിന്, മറ്റ് വിശേഷ അവസരങ്ങളില്‍ എല്ലാം സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനമായി നല്‍കുയെന്നത് മലയാളികളുടെ പൊതുവായ ശീലമാണ്. സ്വര്‍ണ്ണം കൊണ്ട് പല ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ധരിച്ച് നാലാള്‍ കാണ്‍കെ പുറത്തിറങ്ങുകയെന്നത് മലായാളിപ്പെണ്ണുങ്ങളുടെ രീതിയാണ്. ഒരു തരി സ്വര്‍ണ്ണമെങ്കിലും വീട്ടിലുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. എല്ലാത്തിനുമപ്പുറം ഒരിക്കലും നഷ്ടം വരാത്ത ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ കൈയ്യില്‍ പണമുള്ളപ്പോഴെല്ലാം മലയാളികള്‍ സ്വര്‍ണ്ണം നാണയങ്ങളായും ബാറുകളായും ആഭരണങ്ങളായും വാങ്ങിക്കൂട്ടിക്കൊണ്ടേയിരിക്കുന്നു. ഗള്‍ഫ് മലയാളികളില്‍ നല്ലൊരു ശതമാനവും നാട്ടില്‍ വരുമ്പോള്‍ കുറച്ചെങ്കിലും സ്വര്‍ണ്ണം വാങ്ങി കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അറബിപ്പൊന്ന് വലിയ അളവില്‍ കേരളത്തിലേക്ക് എത്തുന്നു. മലയാളികള്‍ക്ക് സ്വര്‍ണ്ണത്തോട് എന്നും അതിരറ്റ സ്‌നേഹവും അമിതമായ ആസ്‌ക്തിയുമാണ്. അതുകൊണ്ടാണ് ഇന്ത്യയില്‍ ഏറ്റവും അധികം സര്‍ണ്ണ വില്‍പ്പന നടക്കുന്ന നാടായി കേരളം മാറിയത്. സ്വര്‍ണ്ണക്കടകള്‍ കൂണുകള്‍ പോലെ മുളച്ചു പൊങ്ങുന്നതും.
കേരളത്തില്‍ ഒരു വര്‍ഷം വില്‍ക്കുന്നത് ശരാശരി 65,000 കിലോഗ്രാം സ്വര്‍ണ്ണം
മലയാളികളുടെ സ്വര്‍ണ്ണത്തോടുള്ള അമിതമായ ഭ്രമം കേരളത്തെ ഇന്ത്യയുടെ സ്വര്‍ണ്ണ കലവറയാക്കി മാറ്റുന്നത് എങ്ങനെയെന്നറിയണമെങ്കില്‍ ഈ കൊച്ചു സംസ്ഥാനത്ത് ഓരോ വര്‍ഷവും വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ കൂടി അറിയണം. പ്രതിവര്‍ഷം ശരാശരി 65,000 കിലോഗ്രാം സ്വര്‍ണ്ണമാണ് കേരളത്തില്‍ വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ ഇപ്പോഴത്തെ വിലക്കണക്കനുസരിച്ച് ഏതാണ്ട് 37,700 കോടിയുടെ സ്വര്‍ണ്ണമാണ് കേരളത്തിലെ ഒരു വര്‍ഷത്തെ വില്‍പ്പന. ആഭരണങ്ങളുടെ പണിക്കൂലിയും മറ്റും കണക്കാക്കുമ്പോള്‍ ഇത് 40,000 കോടി കവിയും. കേരളത്തിന്റെ ഉപഭോഗം മൊത്തം ഇന്ത്യയില്‍ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണത്തിന്റെ 15 ശതമാനം മുതല്‍ 17 ശതമാനം വരെ പലപ്പോഴും എത്തുന്നുണ്ട്. ഇത് അംഗീകൃതമായുള്ള വില്‍പ്പനയുടെ മാത്രം കണക്കാണ്. നികുതി അടക്കാതെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം യാതൊരു രേഖകളുമില്ലാതെ ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പന നടത്തുന്ന സംസ്ഥാനവും കേരളമാണ്. അതുകൂടി കണക്കിലെടുത്താല്‍ കേരളത്തിലെ സ്വര്‍ണ്ണ വില്‍പ്പനയുടെ കണക്ക് ഞെട്ടിക്കുന്നതാകും. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 800 കിലോഗ്രാമോളം കള്ളക്കടത്ത് സ്വര്‍ണ്ണമാണ് പിടികൂടിയത്. കേരളത്തിലേക്ക് കടത്തുന്ന കള്ള സ്വര്‍ണ്ണത്തിന്റെ വളരെ തുച്ഛമായ ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂവെന്ന യാഥാര്‍ത്ഥ്യം കൂടി അറിയണം. ബാക്കിയെല്ലാം ഇവിടെയെത്തി കൈമാറ്റം നടത്തുകയാണ്.
നമ്മള്‍ ഒരു മാസം സ്വര്‍ണ്ണത്തിന് ചെലവഴിക്കുന്ന കണക്ക് കണ്ടോ?
ഇന്ത്യയില്‍ സ്വര്‍ണ്ണത്തിനായുള്ള വ്യക്തിഗത ചെലവിന്റെ കാര്യത്തിലും കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ്. കേരളത്തില്‍ സ്വര്‍ണ്ണത്തിനായി മൊത്തം ചെലവഴിക്കുന്ന പണത്തിന്റെ കണക്ക് കേരളത്തിലെ ജനസംഖ്യയുമായ വീതിച്ചു നോക്കിയാല്‍ അമ്പരപ്പിക്കുന്ന സംഖ്യയാണ് കിട്ടുക. സര്‍ക്കാറിന്റെ 2021ലെ നാഷണല്‍ സാമ്പിള്‍ സര്‍വ്വേ പ്രകാരം മൊത്തം ജനസംഖ്യമായി വീതിച്ചാല്‍ കേരളത്തില്‍ ഗ്രാമത്തിലുള്ള ഒരു വ്യക്തി പ്രതിമാസം 208.55 രൂപയാണ് സ്വര്‍ണ്ണം വാങ്ങാനായി ചെലവഴിക്കുന്നത്. നഗരത്തിലെ കണക്കെടുമ്പോള്‍ ഇത് 189.95 രൂപയാണ്. ദേശീയ തലത്തിലെ കടക്കെടുത്താല്‍ കേവലം 7 രൂപ 24 പൈസ മാത്രമാണ് ഒരു വ്യക്തി പ്രതിമാസം സ്വര്‍ണ്ണത്തിനായി ചെലവഴിക്കുന്നത്. ഇനി മറ്റൊരു കണക്ക് കൂടി നോക്കാം. കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം വിറ്റഴിക്കുന്നത് തമിഴ്‌നാട്ടിലാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ 33 രൂപ 20 പൈസ മാത്രമാണ് ആളോഹരി കണക്കെടുക്കുമ്പോള്‍ സ്വര്‍ണ്ണം വാങ്ങാനായി ഒരു വ്യക്തി ചെലവിടുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും കേരളത്തിനും തമി്‌ഴ്‌നാടിനും താഴെയാണ്.
നവവധു ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരുന്നത് ശരാശരി 40 പവനുമായി
കേരളത്തില്‍ വിവാഹിതയാകുന്ന പെണ്‍കുട്ടി ഭര്‍ത്താവിന്റെ വിട്ടിലേക്ക് വരുന്നത് ശരാശരി 40 പവന്‍ സ്വര്‍ണ്ണവുമായിട്ടാണെന്നാണ് ഏകദേശ കണക്ക്. ഇത് വിവാഹത്തിനായും വാങ്ങിക്കുന്ന സ്വര്‍ണ്ണത്തിന്റെ അളവുമായും വിവാഹ സമയത്ത് കിട്ടുന്ന സ്വര്‍ണ്ണ സമ്മാനത്തിന്റെ അളവുമായും താരതമ്യപ്പെടുത്തിയുള്ള കണക്കാണ്. സ്വര്‍ണ്ണത്തിന്റെ വില വ്യത്യാസത്തിനനുസരിച്ച് വധുവിന്റെ സ്വര്‍ണ്ണത്തിന്റെ അളവിലും വ്യത്യാസപ്പെട്ടിരിക്കും. വിവാഹത്തിന് നൂറ് കണക്കിന് പവന്‍ സ്വര്‍ണ്ണം ധരിക്കുന്നവരുണ്ട്. സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് വളരെ കുറഞ്ഞ സ്വര്‍ണ്ണം മാത്രമേ വിവാഹത്തിന് കൊടുക്കാന്‍ കഴിയൂ. ഇതിന്റെയെല്ലാം ആവറേജ് കണക്ക് കൂട്ടിയാണ് മലയാളി വധു ശരാശരി 40 പവന്‍ സ്വര്‍ണ്ണം ധരിക്കുന്നതെന്ന് കണക്കാക്കിയിട്ടുള്ളത്. കേരളത്തിലെ സ്ത്രീകള്‍ ധരിക്കുന്ന സ്വര്‍ണ്ണത്തിന്റെയും ആവറേജും കണക്കാക്കിയിട്ടുണ്ട്. മലയാളി സ്ത്രീകള്‍ ശരാശരി മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണം ധരിച്ചു നടക്കുന്നുവെന്നാണ് കണക്ക്
15,000ത്തോളം സ്വര്‍ണ്ണക്കടകള്‍
ഇന്ത്യയില്‍ ഏറ്റവും കൂടുല്‍ സ്വര്‍ണ്ണം ചെലവഴിക്കപ്പെടുന്ന സംസ്ഥാനം എന്ന ഖ്യാതിക്ക് പുറമെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടകള്‍ ഉള്ള സംസ്ഥാനവും കേരളമാണ്. ചെറുതും വലുതുമായ 15,000ത്തോളം സ്വര്‍ണ്ണക്കടകള്‍ കേരളത്തിലുണ്ട്. ലോകോത്തര ബ്രാന്‍ഡുകള്‍, മീഡിയം സൈസ് സ്വര്‍ണ്ണക്കടകള്‍, വളരെ കുറച്ച് സ്വര്‍ണ്ണം മാത്രം വില്‍ക്കുന്ന ചെറിയ കടകള്‍ എന്നിങ്ങനെ സകേരളത്തിലെ സ്വര്‍ണ്ണ വ്യാപാരം വിവിധ തലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.
കേരളത്തില്‍ സ്വര്‍ണ്ണത്തിന്റെ വില നിശ്ചയിക്കുന്നത് കേട്ടാല്‍ അമ്പരക്കും
വളരെ അമ്യൂല്യവും വിലപിടിപ്പുള്ളതുമായ സ്വര്‍ണ്ണത്തിന് ആരാണ് വില നിശ്ചയിക്കുന്നത്. അതറിഞ്ഞാല്‍ വലിയ തമാശയായി തോന്നും. സ്വര്‍ണ്ണം ഒരു ആഗോള ആമൂല്യ ഉത്പന്നമാണ്. എന്നാല്‍ ചില സാധാരണ ഉല്‍പന്നങ്ങള്‍ക്ക് കച്ചവടക്കാര്‍ വില നിശ്ചയിക്കുന്നതിനേക്കാള്‍ എളുപ്പത്തിലാണ് ഇന്ത്യയിലും കേരളത്തിലും ഓരോ ദിവസവും വിലയിടുന്നത്. നമ്മള്‍ ഓരോ ദിവസത്തെയും സ്വര്‍ണ്ണത്തിന്റെ വില കള്‍ക്കുമ്പോള്‍ ഇതെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്ന് നിശ്ചയിച്ച് ഇവിടെയുന്നതാണെന്ന് തോന്നും. എന്നാല്‍ ഇന്ത്യയിലും കേരളത്തിലും സ്വര്‍ണ്ണ വില്‍പ്പനക്കാരുടെ സംഘനകളാണ് ഓരോ ദിവസവും സ്വര്‍ണ്ണത്തിന്റെ വില നിശ്്ചയിക്കുന്നത്. കേരളത്തില്‍ തന്നെ സ്വര്‍ണ്ണ വില്‍പ്പനക്കാര്‍ക്ക് നിരവധി സംഘടനകളുണ്ട്. ഇതില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനാണ് കേരളത്തില്‍ ഓരോ ദിവസവും വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ വില നിശ്ചയിക്കുന്നത്. മറ്റ് സംഘടനകളില്‍ പെട്ടവരും സാധാരണ ഈ വില പിന്തുടരുകയാണ് ചെയ്യുക. എന്നാല്‍ പലപ്പോഴും സംഘടനകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും മറ്റ് സംഘടനക്കാരും വില നിശ്ചയിച്ച് അവരുടെ അംഗങ്ങളായ സ്വര്‍ണ്ണക്കച്ചവടക്കാര്‍ക്ക് നല്‍കുകയും ചെയ്യും. അങ്ങനെ കേരളത്തില്‍ അടുത്തകാലത്ത് സ്വര്‍ണ്ണത്തിന് പല ജ്വല്ലറികളില്‍ ദിവസവും പല വിലയാണ്. ഈടാക്കിക്കൊണ്ടിരുന്നത്. മൂന്നും നാലും തരത്തിലുള്ള വിലകള്‍ അടുത്ത കാലം വരെ ഈടാക്കിയിരുന്നു. എന്നാല്‍ എല്ലാവരും ഒരൊറ്റ വില മാത്രം ഈടാക്കണമെന്ന ധാരണയില്‍ സ്വര്‍ണ്ണ വ്യാപാര മേഖലയിലെ മിക്കവാറും സംഘടനകള്‍ ഇപ്പോള്‍ എത്തിയിട്ടുണ്ട്. ഇത് എപ്പോഴാണ് തെറ്റുകയെന്നറിയില്ല. സ്വര്‍ണ്ണത്തിന് വില നിശ്ചയിക്കുന്ന ഓള്‍ കേരള ഗോള്‍്ഡ ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ ജ്വല്ലറിക്കാരില്‍ മിക്കവരും ഇല്ലാ എന്നതാണ് ഏറ്റവും വലിയ തമാശ. പ്രധാനമായും ചെറുകിട സ്വര്‍ണ്ണ വ്യാപാരികളുടെ സംഘടനയാണിത്. പ്രമുഖ ബ്രാന്‍ഡഡ് സ്വര്‍ണ്ണ വില്‍പ്പന സ്ഥാപനങ്ങലെല്ലാം തന്നെ കേരള ജ്വല്ലേഴ്‌സ് ഫെഡറേഷന്‍ എന്ന മറ്റൊരു സംഘടനയിലാണ് പ്രവര്‍ത്തിക്കുന്നത്. സംഘടനകള്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞ് പുതിയ സംഘടനകള്‍ രൂപീകരിക്കുകയും വ്യത്യസ്ത ചേരികളായി തിരിഞ്ഞ് കേരളത്തിലെ സ്വര്‍ണ്ണ വില നിശ്ചയിക്കുന്നതും പതിവ് കാഴ്ചയാണ്. അതായത് മീന്‍മാര്‍ക്കറ്റില്‍ മീനിന്റെ വില നിശ്ചയിക്കുന്ന ലാഘവത്തോടെയാണ് കേരളത്തില്‍ പലപ്പോഴും സ്വര്‍ണ്ണത്തിന്റെ വില നിശ്ചയിക്കപ്പെടുന്നതെന്ന് അര്‍ത്ഥം. വളരെ അമൂല്യവും വിലപിടിപ്പുള്ളതും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതുമായ സ്വര്‍ണ്ണത്തിന്റെ വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാറിനോ മറ്റ് അധികൃതര്‍ക്കോ യാതൊരു പങ്കോ നിയന്ത്രണമോ ഇല്ലെന്നതാണ് സത്യം. ഓരോ ദിവസത്തെയും വില്‍പ്പന വില സ്വര്‍ണ്ണക്കടക്കാരുടെ സംഘടന നിശ്ചയിക്കുന്നു. ആളുകള്‍ അവര്‍ പറയുന്ന പണം കൊടുത്തു വാങ്ങുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ദിവസേനയുള്ള സ്വര്‍ണ്ണ വില വ്യത്യസ്തമായിരിക്കും. അതായത് വിലയുടെ കാര്യത്തില്‍ ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കപ്പെടണമെന്നില്ല. ആഭരണങ്ങളായി വാങ്ങുമ്പോള്‍ ജ്വല്ലറികള്‍ ഈടാക്കുന്ന പണിക്കൂലിയും വ്യത്യസ്തമായിരിക്കും. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി വിലയും തീരുവയുമെല്ലാം ഇന്ത്യയില്‍ എവിടെയും സമാനമാണ്. പക്ഷേ ഉപഭോക്താക്കള്‍ക്ക് മാത്രം ഓരോയിടത്തും വ്യത്യസ്ത വില കൊടുക്കേണ്ടി വരുന്നു. ഇത് വലിയ അനീതിയാണെന്നും ഇന്ത്യയില്‍ എവിടെയും സ്വര്‍ണ്ണത്തിന് ഒരേ വില നിശ്ചയിക്കണമെന്നും, സര്‍ക്കാറോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സിയോ സ്വര്‍ണ്ണത്തിന്റെ വില്‍പ്പന വില നിശ്ചയിക്കണമെന്ന ആവശ്യവും ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഒന്നും നടക്കുന്നില്ല. ഉപഭോക്താക്കള്‍ കച്ചവടക്കാരുടെ ചൂഷണത്തിന് വിധേയമായിക്കൊണ്ടേയിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആകെയുള്ള സമാധാനം കേരളത്തിലാണ് ഇന്ത്യയ്ില്‍ സ്വര്‍ണ്ണത്തിന് ഏറ്റവും വിലക്കുറവുള്ളതെന്നതാണ്. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലെക്കെത്തുമ്പോള്‍ ഗ്രാമിന് 200 രൂപയുടെയും 300 രൂപയുടെയുമൊക്കെ വില വ്യത്യാസം നിത്യേനയുണ്ടാകും.
വില എങ്ങനെ നിശ്ചയിക്കുന്നു
ഇന്ത്യയിലും കേരളത്തിലും സ്വര്‍ണ്ണ വില നിശ്ചയിക്കുന്നതിന് ചില ഘടകങ്ങളുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള സ്വര്‍ണ്ണ വിലയും ഡോളറിന്റെ മൂല്യവുമെല്ലാം ഇതില്‍ പരിഗണിക്കപ്പെടുന്നുണ്ട്. സ്വര്‍ണ്ണം പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ബാങ്കുകള്‍ മുഖേനയാണ്. അവരാണ് ഇന്ത്യയിലെ ബുള്ള്യന്‍ ഡീലര്‍മാര്‍ക്ക് സ്വര്‍ണ്ണം വിതരണം ചെയ്യുന്നത്. സ്വര്‍ണ്ണത്തിന്റെ ഔണ്‍സ് വിലയും, ഡോളറും ഇന്ത്യന്‍ രൂപയും തമ്മിലുള്ള മൂല്യവും ഇറക്കുമതി തീരുവയും എല്ലാ കണക്കാക്കി ബാങ്കുകള്‍ സ്വര്‍ണ്ണത്തിന് വിലയിടും. ഇതിന് ബാങ്ക് റേറ്റ് എന്നാണ് പറയുക. ബാങ്ക് റേറ്റിനെ അടിസ്ഥാനപ്പെടുത്തിയും ബാധകമായ വിവിധ നിരക്കുകളും കച്ചവടക്കാര്‍ക്ക് തോന്നുന്ന മാര്‍ജിനുമെല്ലാം ചേര്‍ത്താണ് ഓരോ സംസ്ഥാനത്തെയും സ്വര്‍ണ്ണക്കച്ചവടക്കാരുടെ സംഘടന ഓരോ ദിവസത്തെയും വില നിശ്ചയിക്കുക. രാജ്യത്തെ പത്ത് പ്രധാന സ്വര്‍ണ്ണ ഡീലര്‍മാരുടെ തലേദിവസത്തെ വില്‍പ്പനയുടെ ശരാശരിയുമെല്ലാം ഇതിനായി കണക്കുകൂട്ടുമെന്നാണ് പറയപ്പെടുന്നതെങ്കിലും അതൊന്നും നടക്കുന്ന കാര്യമല്ല. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഒട്ടേറെ ദുരൂഹതകള്‍ സ്വര്‍ണ്ണ വില നിശ്ചയിക്കുന്ന കാര്യത്തിലുണ്ട്. സ്വര്‍ണ്ണ കച്ചവടക്കാര്‍ തന്നെയാണ് അവര്‍ വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ വില നിശ്ചയിക്കുന്നത്. അതിന് ഓരോ സംസ്ഥാനത്തും ഒരു സംഘടനാ സ്വഭാവം കൊണ്ടുവരുന്നുവെന്ന് മാത്രം.
ഈ വര്‍ഷവും പൊന്ന് കൂടുതല്‍ മിന്നും
2023 സ്വര്‍ണ്ണ വര്‍ഷമായിരുന്നു. സ്വര്‍ണ്ണത്തിന് സര്‍വ്വകാല റിക്കാര്‍ഡ് വിലയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണത്തിന് ഏറ്റവും വിലകുറവുണ്ടായിരുന്നത് 2023 ജനുവരി 2 നായിരുന്നു. അന്ന് 40,360 രൂപയായിരുന്നു ഒരു പവന്‍ (എട്ട് ഗ്രാം)സ്വര്‍ണ്ണത്തിന്റെ വില. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുല്‍ വിലയുണ്ടായിരുന്നത് 2023 ഡിസംബര്‍ 28 ന്. അന്ന് പവന് 47,120 എന്ന റിക്കാര്‍ഡ് വിലയായിരുന്നു കേരളത്തിലുണ്ടായിരുന്നത്. (ആഭരണങ്ങളാമെങ്കില്‍ പണിക്കൂലി കൂടി ശരാശരി അഞ്ച് ശതമാനം കൂട്ടിയാല്‍ പോലും ഇത് 50,000 രൂപ കടക്കും ) അതായത് കഴിഞ്ഞ ഒരു വര്‍ഷം 6760 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന് പരമാവധി കൂടിയത്. ഈ വര്‍ഷവും സ്വര്‍ണ്ണ വില കുതിച്ചുയരുമെന്നാണ് സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ റിസര്‍ച്ച് ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും സ്വര്‍ണ്ണ കച്ചവടക്കാരും പറയുന്നത്. 2024 ജനുവരി ആരംഭിച്ചത് മുതല്‍ സ്വര്‍ണ്ണ വില താഴോട്ടാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ അത് താല്‍ക്കാലികമാണെന്നും ഡിസംബര്‍ ആകുമ്പോഴേക്കും ഒരു ഗ്രാം സ്വര്‍ണ്ണത്തിന് കേരളത്തില്‍ 7000 രൂപ വരെ, അതായത് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 56,000 രൂപ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തുന്നവര്‍ പറയുന്നത്. സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡിനെയും അതിന്റെ അന്താരാഷ്ട്ര വിലയെയും ഡോളറും ഇന്ത്യന്‍ രൂപയും തമ്മിലുണ്ടായേക്കാവുന്ന വിനിമയ അന്തരവുമൊക്കൊ കണക്കു കൂട്ടിയാണ് വിലയുടെ കാര്യത്തില്‍ സ്വര്‍ണ്ണ മേഖലയിലെ വിദഗ്ധര്‍ ഈ അനുമാനത്തില്‍ എത്തിയിട്ടുള്ളത്. പല കാരണങ്ങള്‍ കൊണ്ട് അതില്‍ വ്യത്യാസമുണ്ടാകാം. എന്നാല്‍ അവര്‍ ഒരു കാര്യം ഉറപ്പിക്കുന്നുണ്ട് ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും സ്വര്‍ണ്ണത്തിന് വില കുത്തനെ കൂടുകയല്ലാതെ കുറയില്ല. നീണ്ട വര്‍ഷത്തെ സ്വര്‍ണ്ണ വിലയുടെ ചരിത്രവും അതാണ് സൂചിപ്പിക്കുന്നത്. പുതുവര്‍ഷത്തിന്റെ തുടക്കം സ്വര്‍ണ്ണം വാങ്ങാനുള്ളതാണ് അല്ലാതെ വില്‍ക്കാനുള്ളതല്ലെന്നാണ് സ്വര്‍ണ്ണ വില്‍പ്പനക്കാരും സാക്ഷ്യപ്പെടുത്തുന്നത്.