ന്യൂയോര്‍ക്ക്- മൂന്ന് മാസമായി ഗാസയില്‍ ഇസ്രായില്‍ തുടരുന്ന യുദ്ധത്തത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ നിരവധി പാലങ്ങളും തുരങ്കവും തടഞ്ഞു.
ഈസ്റ്റ് നദിക്ക് കുറുകെയുള്ള ബ്രൂക്ലിന്‍, മാന്‍ഹട്ടന്‍, വില്യംസ്ബര്‍ഗ് പാലങ്ങളിലും ന്യൂയോര്‍ക്ക് സിറ്റിയെ ന്യൂജേഴ്‌സിയുമായി ബന്ധിപ്പിക്കുന്ന ഹോളണ്ട് ടണലിലും ഗതാഗതം തടഞ്ഞായിരുന്നു പ്രതിഷേധം. നൂറുകണക്കിനാളുകള്‍ റോഡുകളില്‍ ഇരുന്നു മുദ്രാവാക്യം മുഴക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പോലീസ് നടപടി കാരണം ന്യൂജേഴ്‌സിയിലേക്കുള്ള പാതകള്‍ അടച്ചിട്ടുണ്ടെന്ന് ഹോളണ്ട് ടണല്‍ പ്രവര്‍ത്തിപ്പിക്കുന്ന ന്യൂയോര്‍ക്ക് ആന്‍ഡ് ന്യൂജേഴ്‌സി പോര്‍ട്ട് അതോറിറ്റി വെബ്‌സൈറ്റില്‍ പറഞ്ഞു. ന്യൂയോര്‍ക്ക് പോലീസും കു ക്ലക്‌സ് ക്ലാനും ഇസ്രായേല്‍ സൈന്യവും എല്ലാ എല്ലാം ഒരുപോലെയന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഗാസയിലെ ഉപരോധം പിന്‍വലിക്കുക, ഉടന്‍ വെടിനിര്‍ത്തുക, അധിനിവേശം അവസാനിപ്പിക്കുക എന്നീ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു ഹോളണ്ട് ടണലിലെ പ്രതിഷേധം.
ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ്, ഫലസ്തീനിയന്‍ യൂത്ത് മൂവ്‌മെന്റ്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ എന്നിവയും മറ്റ് ഗ്രൂപ്പുകളും ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് സംഘടനകള്‍ എക്‌സില്‍ അറിയിച്ചു. ഗാസയിലെ ഉപരോധം അവസാനിപ്പിക്കാന്‍ ജീവന്‍ നല്‍കാനും തയാറാണെന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ കൈകള്‍ പിന്നില്‍ ബന്ധിച്ചു കൊണ്ടുപോകുമ്പോള്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞത്.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ ഇസ്രായില്‍ തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 23,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ നല്‍കുന്ന കണക്ക്.
മുസ്ലിംകള്‍ പള്ളികള്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം; ഈശ്വരപ്പയുടെ മുന്നറിയിപ്പ്