റായ്പൂര്‍- ഛത്തീസ്ഗഢില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ തലസ്ഥാന ജില്ലയായ റായ്പൂരിലെ കലക്ടര്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉപേക്ഷിച്ച് ബിജെപില്‍ ചേരുന്നതായി റിപോര്‍ട്ട്. 2005 ഐ.എ.എസ് ബാച്ചുകാരനായ ഒ.പി ചൗധരി (37)യാണ് രാഷ്ട്രീയത്തിലേക്ക് കൂടുമാറുന്നത്. റായ്ഗഢ് ജില്ലക്കാരനായ ചൗധരിയെ അവിടെ നിന്നും മത്സരിപ്പിക്കാനും ബിജെപി നീക്കമുണ്ട്. ഒട്ടേറെ മികവേറിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ചൗധരിക്ക് യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ട്. ഇതു രാഷ്ട്രീയമായി മുതലെടുക്കാനാണു ബിജെപി ശ്രമം. ഏതാനും മാസങ്ങളായി ചൗധരിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ബിജെപി നടത്തി വരികയാണ്. ഒരു യൂത്ത് ഐക്കണായി ചൗധരിയെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനൊരുങ്ങാനാണ് പാര്‍ട്ടിയുടെ നീക്കമെന്ന് പല ബിജെപി നേതാക്കളും സ്വകാര്യമായി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു ഔദ്യോഗിക വിവരവും ഇല്ലെന്നും ചൗധരി പാര്‍ട്ടിയിലെത്തിയാല്‍ സ്വാഗതം ചെയ്യുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് സചിദാനന്ദ ഉപാസനെ പറഞ്ഞു.
റായ്ഗഢിലെ ബയാങിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ചൗധരി അഘാഡിയ സമുദായക്കാരനാണ്. റായ്ഗഢില്‍ നിര്‍ണായ സ്വാധീനമുള്ള വിഭാഗമാണ് ഇവര്‍. മാത്രവുമല്ല മികച്ച മാതൃകാ വ്യക്തിത്വമായി അഘാഡിയ സമുദായക്കാര്‍ക്കിടയില്‍ ചൗധരിക്ക് സല്‍പ്പേരും ഉണ്ട്. ദണ്ഡെവാഡ ജില്ലാ കലക്ടറായിരിക്കെ അവിടെ എജുക്കേഷന്‍ സിറ്റി നിര്‍മ്മിച്ചതും മികച്ച സേവനത്തിന് പ്രധാനമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചതുമടക്കം ചൗധരി നിരവധി നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. റായ്പൂര്‍ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നളന്ദ പരിസര്‍ എന്ന പേരിലുള്ള ഗ്രാമീണ പാഠശാലകളുടെ പിന്നിലും ചൗധരിയാണ്.
ഉന്നത ഉദ്യോഗസ്ഥരെ ചാക്കിട്ടുപിടിച്ച് രാഷ്ട്രീയത്തിലിറക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഇതുവരെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന് ഉദ്യോഗസ്ഥരെ ഉപയോഗിച്ച ബിജെപി ഇനി അവരെ രാഷ്ട്രീയ രംഗത്തേക്ക് കെട്ടിയിറക്കി കൊണ്ടു വരികയാണെന്ന് കോണ്‍ഗ്രസ് വക്താവ് ശൈലേഷ് നിതിന്‍ ത്രിവേദി പ്രതികരിച്ചു.