ന്യൂദല്‍ഹി- വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമത്തിലായിരുന്ന കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ, കോര്‍പറേറ്റ് കാര്യ മന്ത്രാലയങ്ങളുടെ ചുമതലകള്‍ വീണ്ടും ഏറ്റെടുത്തു. മൂന്നു മാസത്തിനു ശേഷമാണ് ജെയ്റ്റ്‌ലി ധനമന്ത്രി കസേരയില്‍ തിരിച്ചെത്തുന്നത്. ഇതു സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശുപാര്‍ശ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകരിച്ചു. 65കാരനായ ജെയ്റ്റ്‌ലി മേയ് 14നാണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. ഇതിനു മുന്നോടിയായി ഏപ്രിലില്‍ തന്നെ ജെയ്റ്റിലി ധനമന്ത്രിയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി വിട്ടു നിന്നിരുന്നു. റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനെ ഇടക്കാല ധനമന്ത്രിയായി നിയമിച്ചിരുന്നു.
ചുമതലകളില്‍ നിന്ന് വിട്ടുനിന്നിരുന്നെങ്കിലും ഇക്കാലയളവില്‍ ജെയ്റ്റ്‌ലി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ജിഎസ്ടി, റഫാല്‍ ഇടപാട്, അസമിലെ ദേശീയ പൗരത്വ രജിസറ്റര്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. വിശ്രമത്തിലായിരുന്നു ജെയ്റ്റിലി ഓഗസ്റ്റ് ഒമ്പതിന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ രാജ്യസഭയിലെത്തി വോട്ടു ചെയ്തിരുന്നു. ഭരണകക്ഷിയുടെ രാജ്യസഭാ നേതാവുകൂടിയാണ് ജെയ്റ്റ്‌ലി.