ജിദ്ദ - ജിദ്ദക്കു സമീപം വിജനമായ മലമ്പ്രദേശത്തു വെച്ച് ദിവസങ്ങൾക്കു മുമ്പ് സൗദി യുവാവ് മുഹമ്മദ് അൽസുബൈഇയെ വെടിവെച്ചു കൊലപ്പെടുത്തി രക്ഷപ്പെട്ട രണ്ടു എത്യോപ്യൻ യുവാക്കളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഇരുവരും ജിദ്ദയിൽ നിന്ന് തായിഫിലേക്കാണ് രക്ഷപ്പെട്ടതെന്നും ജിസാൻ വഴി സൗദിയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതികളുടെ ശ്രമമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതികളുടെ ഫോട്ടോകൾ സാമൂഹികമാധ്യമ ഉപയോക്താക്കൾ വ്യാപകമായി പങ്കുവെക്കുകയും ചെയ്തിരുന്നു.
— مكة (@maka85244532) January 7, 2024തായിഫിനു സമീപമുള്ള ബനീ അൽഹാരിസിൽ വെച്ചാണ് ആദ്യ പ്രതി പിടിയിലായത്. സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച ഫോട്ടോകളിൽ നിന്ന് എത്യോപ്യക്കാരനെ തിരിച്ചറിഞ്ഞ സൗദി പൗരന്മാർ യുവാവിനെ പിടികൂടി ഖിയാ പോലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. സൗദി പൗരന്മാർ കൂട്ടത്തോടെ എത്തിയാണ് പ്രതിയെ പോലീസ് സ്റ്റേഷന് കൈമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രതിയെ പിടികൂടാൻ സാധിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബനീ അൽഹാരിസിൽ സൗദി പൗരന്മാർ പിന്നീട് കൂട്ടത്തോടെ കാറുകളുമായി പുറത്തിറങ്ങി റോഡിൽ പരേഡ് നടത്തി. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വൈകാതെ പ്രദേശത്തു നിന്ന് രണ്ടാമത്തെ പ്രതിയെയും നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരായ എത്യോപ്യക്കാരാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്ന് മുഹമ്മദ് അൽസുബൈഇയുടെ പിതാവ് പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരിൽ ഒരാളെ പിടികൂടി മുഹമ്മദ് അൽസുബൈഇ പോലീസിൽ അറിയിക്കുകയായിരുന്നു. ഇതോടെ സമീപത്ത് മലമ്പ്രദേശത്തുണ്ടായിരുന്ന മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റൊരു അംഗം തന്റെ മകനു നേരെ കലാഷ്‌നിക്കോവ് തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നെന്നും മുഹമ്മദ് അൽസുബൈഇയുടെ പിതാവ് പറഞ്ഞു.
— مكة (@maka85244532) January 7, 2024