ബെംഗുളൂരു - ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് ഉയർന്ന രാമക്ഷേത്ര പ്രതിഷ്ഠയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. 'അയോധ്യയിലെ രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റെന്നും ജനവികാരത്തെ മാനിക്കണമെന്നുമാണ് ഡി.കെ ശിവകുമാർ പറഞ്ഞത്.
എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല, പൊതു ഇടമാണെന്നും ഇക്കാര്യത്തിൽ എ.ഐ.സി.സി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ വിവിധ തട്ടുകളിൽ നിൽക്കുമ്പോഴും എ.ഐ.സി.സി ഇതുവരെയും ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. സമയമാകുമ്പോൾ ഇക്കാര്യം അറിയിക്കുമെന്നും ബി.ജെ.പി കെണിയിൽ കോൺഗ്രസ് വീഴില്ലെന്നുമാണ് എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇതുസംബന്ധിച്ച് നേരത്തെ പ്രതികരിച്ചത്.