ന്യൂദല്‍ഹി - മരിച്ചെന്ന് കരുതിയ യുവാവിനെ അഞ്ച് വര്‍ഷത്തിന് ശേഷം പുതിയ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം കണ്ടെത്തി. ഇതോടെ ആശ്വാസമായത് ഇയാളെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തപ്പെട്ട മറ്റൊരു യുവാവിനാണ്. അഞ്ച് വര്‍ഷം മുമ്പ് കാണാതായ 45കാരനായ യോഗേന്ദ്ര കുമാറിനെയാണ് ദല്‍ഹിയിലെ രോഹിണിയില്‍ നിന്ന് പോലീസ് ജീവനോടെ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഭാഗ്പാട്ടില്‍ നിന്നുമാണ് ഇയാളെ കാണാതാവുന്നത്. 2018ല്‍ നാട്ടിലുണ്ടായ അടിപിടിയുടെ പേരില്‍ പ്രദേശവാസിയായ വേദ് പ്രതാശിന്റെ പരാതിയില്‍ യോഗേന്ദ്ര കുമാറിനും സഹോദരന്മാര്‍ക്കുമെതിരെ സിംഗാവലി അഹിര്‍ പോലീസ് ആക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യോഗേന്ദ്ര കുമാറിനെ കാണാതായത്. കുടുംബം അറിയാതെയാണ് ഇയാള്‍ വീടുവിട്ടത്. ഇതോടെ ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യോഗേന്ദ്ര കുമാറിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വേദ് പ്രതാശ് യോഗേന്ദ്ര കുമാറിനെ കൊലപ്പെടിത്തിയെന്നും ഭാര്യ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇവര്‍ കോടതിയെയും സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി വിധി പ്രകാരം പ്രതാശിനും മറ്റ് രണ്ടുപേര്‍ക്കുമെതിരെ തട്ടികൊണ്ടുപോകലും കൊലപാതക കുറ്റവും ചുമത്തി കേസ് ഫയല്‍ ചെയ്തു. എന്നാല്‍ എട്ട് മാസത്തോളം അന്വേഷണം നടത്തിയിട്ടും കുമാറിനെ കണ്ടെത്താനോ, കൊലപാതകം തെളിയിക്കാനോ പോലീസിനായില്ല. ഒടുവില്‍ പോലീസും അന്വേഷണം അവസാനിപ്പിച്ചു. യോഗേന്ദ്ര കുമാര്‍ മരണപ്പെട്ടുവെന്ന നിഗമനത്തിലായിരുന്നു പൊലീസും. യോഗേന്ദ്ര കുമാറിന്റെ കുടുംബവും ഇയാള്‍ മരിച്ചെന്ന് തന്നെയാണ് കരുതിയത്. ഇതിനിടയിലാണ് അഞ്ച് വര്‍ഷത്തിന് ശേഷം യോഗേന്ദ്ര കുമാറിനെ ദല്‍ഹിയില്‍ നിന്നും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ദല്‍ഹിയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. മറ്റൊരു യുവതിയെ വിവാഹം കഴിച്ച ഇയാള്‍ക്ക് നാല് മക്കളുമുണ്ട്. ആദ്യ വിവാഹവും നാട്ടിലെ കേസുമെല്ലാം മറച്ചുവെച്ചാണ് യോഗേന്ദ്ര കുമാര്‍ ദല്‍ഹി സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചതെന്ന് പോലീസ് വ്യക്തമാക്കി.