ന്യുദല്‍ഹി- മാധ്യമപ്രവര്‍ത്തകനും നയതന്ത്രജ്ഞനും മുന്‍ രാജ്യസഭാംഗവുമായ കുല്‍ദീപ് നയാര്‍ (95) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ദല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്ക്ക് ദല്‍ഹിയില്‍ നടക്കും. പാക്കിസ്ഥാന്റെ ഭാഗമായ സിയാല്‍കോട്ടില്‍ 1923-ലായിരുന്നു ജനനം. ലാഹോറില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കിയ നയാര്‍ വിഭജനത്തിനു ശേഷം ഇന്ത്യയിലെത്തുകയായിരുന്നു. ബ്രിട്ടനിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷറാണിയിരുന്നു. ഇന്ത്യാ-പാക് സമാധാന ശ്രമങ്ങള്‍ക്ക് ഏറെ സംഭവാനകള്‍ ചെയ്തിട്ടുണ്ട്. 1996-ല്‍ യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധിയായി. 1997ലാണ് രാജ്യസഭാംഗമായത്.
പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ നിന്ന് പഞ്ചാബിലേക്കു കുടിയേറുകയും പിന്നീട് ദല്‍ഹിയിലേക്ക് താമസം മാറ്റുകയും ചെയ്തതിനെ കുറിച്ച് 2012ല്‍ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയില്‍ നയാര്‍ വിശദീകരിക്കുന്നുണ്ട്. ഒരു ഉര്‍ദു ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. മുന്‍നിര വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐ തലവനായും സേവനം ചെയ്തു. ബിറ്റ്വീന്‍ ദ് ലൈന്‍സ് എന്ന അദ്ദേഹത്തിന്റെ പ്രശസ്ത കോളം നിരവധി മാധ്യമങ്ങള്‍ വിവിധ ഭാഷകളില്‍ പ്രസിദധീകരിച്ചു പോന്നു. 1971-ലെ ഇന്ത്യാ-പാക് യുദ്ധം, 1975ലെ അടിയന്തരാവസ്ഥ തുടങ്ങി ആധുനിക ഇന്ത്യാ ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങള്‍ നയാര്‍ നേരിട്ട് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.