ബെലഗാവി,കര്‍ണാടക- ഇരുമതസ്ഥരായ കമിതാക്കളാണെന്ന സംശയത്തില്‍ സഹോദരനും സഹോദരിക്കും നേരെ യുവാക്കളുടെ ക്രൂരമര്‍ദ്ദനം. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ ബെലഗാവിയില്‍ നിന്നും ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളെ തല്ലിച്ചതച്ച കേസില്‍ 19 പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.23 വയസുള്ള യുവാവിനെയും 21 വയസുളള യുവതിയെയുമാണ് പ്രതികള്‍ സംശയത്തിന്റെ പേരില്‍ ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉമര്‍ സാദിഖ്, സെയ്ഫ് അലി, മുഹമ്മദ്, ആതിഫ്, അമന്‍, റിഹാന്‍, അസന്‍ എന്നിവരെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരും അറസ്റ്റിലായായിട്ടുണ്ടെന്ന് ഡിസിപി റോഹന്‍ ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു. സഹോദരങ്ങള്‍ ബെലഗാവി ഫോര്‍ട്ട് ലേക്കിന് സമീപത്തായി സംസാരിക്കുന്നതിനിടെയാണ് പ്രതികള്‍ സംഘമായി വളഞ്ഞത്. സഹോദരങ്ങളാണെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ, അടുത്തുളള കെട്ടിടത്തിലേക്ക് കൊണ്ടുപോയി തല്ലിച്ചതച്ചു. യുവാവ് രക്ഷിതാക്കളെ ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ രക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.