ജിദ്ദ- സൗദി അറേബ്യയുടെ സമ്പന്നമായ ഭൂതകാല ഓർമ്മകൾ കുടികൊള്ളുന്ന ജിദ്ദയിലെ ചരിത്ര പ്രസിദ്ധമായ ബലദ് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി സ്മൃതി ഇറാനി സന്ദർശിച്ചു. ഇന്ന് ഹജ് കരാർ ഒപ്പിട്ട ശേഷമാണ് വൈകുന്നേരത്തോടെ മന്ത്രി ബലദിൽ എത്തിയത്. സൗദി അറേബ്യയുടെ സമ്പന്നമായ ഭൂതകാലത്തിന്റെ സാരാംശം ഉൾക്കൊള്ളുന്ന പ്രദേശമാണ് ബലദെന്ന് മന്ത്രി പറഞ്ഞു. ബലദിലെ ചരിത്ര പ്രസിദ്ധമായ മ്യൂസിയങ്ങളും മന്ത്രി സന്ദര്‍ശിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനതാവളത്തിന്റെ ഹജ് ടെർമിനലും മന്ത്രി സന്ദർശിച്ചു. ഇന്ത്യക്കാർക്കായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിൽ ഒരുക്കിയ സൗകര്യങ്ങളിൽ മന്ത്രി അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു. മുഴുവൻ യാത്രക്കാർക്കും മികച്ച സേവനം നൽകാൻ വിമാനതാവളം സജ്ജമാണെന്ന് മന്ത്രിയെ ഉദ്യോഗസ്ഥർ അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സ്മൃതി ഇറാനിക്കൊപ്പമുണ്ട്.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഹജ് കരാറിലും മന്ത്രി ഒപ്പിട്ടു. ഇന്ത്യയും സൗദിയും തമ്മിൽ ഹജ് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു. 175,000 പേരാണ് ഇത്തവണ ഇന്ത്യയിൽനിന്ന് ഹജിനായി എത്തുന്നത്. തീർത്ഥാടകരുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി നൽകുന്നതിൽ ഇന്ത്യൻ സർക്കാർ കാണിക്കുന്ന താൽപര്യത്തെ സൗദി ഭരണകൂടം പ്രശംസിച്ചതായും മന്ത്രി വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)