ഹഫർ അൽ ബാത്തിൻ- തണുപ്പു കാലമെത്തിയതോടെ സൗദിയുടെ വടക്കൻ പ്രദേശങ്ങളിൽ ഫക്ക കൊയ്ത്തും ആരംഭിച്ചു. ഫക്കശേഖരണം ആരംഭിച്ചതോടെ വിലയും കുതിച്ചുയർന്നു. നിലവിൽ ഹഫർ മാർക്കറ്റിൽ ഒരു ഫക്കയുടെ വില 3000 വരെയാണ്. ഏതാനും ആഴ്ചക്കൾക്കം വിവിധ പ്രദേശങ്ങളിൽ ഫക്കയുടെ ലഭ്യത വർധിക്കുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹഫർ മാർക്കറ്റിൽ പലപ്പോഴും ലേലം വിളിയിലൂടെ ഫക്കയുടെ വില റോക്കറ്റു പോലെ കുതിക്കുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നിലവിൽ ഫക്ക എണ്ണമൊന്നിനു വലിപ്പത്തിന്റെയും ഇനത്തിന്റെയും വ്യത്യാസമനുസരിച്ച് 200 മുതൽ 2900 വരെ റിയാൽ വില കിട്ടുന്നതായി മാർക്കറ്റിലെ കച്ചവടക്കാരിലൊരാളായ മിശ്അൽ അൽ അനസി പറഞ്ഞു. ദിനംപ്രതി ഫക്കയന്വേഷിച്ച് മാർക്കറ്റിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു വരികയാണെന്നും അൽ അനസി കൂട്ടിച്ചേർത്തു. നിരവധി മിനറലുകളുടെയും വൈറ്റമിനുകളുടെയും ശേഖരമായ ഫക്ക രക്തത്തിലെ കൊളസ്‌ട്രോൾ കുറക്കുന്നതിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഏറെ സഹായകരമാണ്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ലൈംഗീക ശേഷി വർധിപ്പിക്കുമെന്ന പ്രചാരണത്തോടെയാണ് ഫക്കയുടെ വില കുതിച്ചുയർന്നത്. കമഅ എന്ന പേരിലും അറിയപ്പെടുന്ന ഇവ കൂണുകൾ പോലെ മരുഭൂമിയിൽ സ്വയം മുളച്ചുണ്ടാകുന്ന ഫലങ്ങളാണ്. നെല്ലിക്കയുടെ വലിപ്പം മുതൽ വലിയ ഓറഞ്ചിന്റെ വലിപ്പം വരെയുള്ള ഫക്കയുണ്ടാകും. വെളുപ്പും കറുപ്പും കലർന്നതാണ് ഇവയുടെ നിറം. തണുപ്പു കാലത്തെ ഇടിമിന്നലോടു കൂടിയ മഴക്കു ശേഷമാണ് സൗദിയുടെ വടക്കൻ പ്രദേശങ്ങളിൽ ഇവയുണ്ടാകാറുള്ളത്, ആഫ്രിക്കൻ മരുഭൂമിയിലും ഇവയുണ്ടാകാറുണ്ട്.
وصل سعر الحبة الواحدة إلى 2900 ريال..
— العربية السعودية (@AlArabiya_KSA) January 7, 2024
بداية سوق الفقع في #حفر_الباطن والأسعار تسجل أرقاما فلكية وسط توقعات بزيادة المعروض خلال الأسابيع القادمة
عبر:@fawaz749 pic.twitter.com/23SH5BOIYG