കാസര്‍കോട്- തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്ക്കൂളിലെ 24 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. പിലിക്കോട് ഫാം കാര്‍ണിവല്‍ കാണാന്‍ പോയപ്പോള്‍ ഉപ്പിലിട്ട നെല്ലിക്ക കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിച്ചു. രണ്ട് വിദ്യാര്‍ത്ഥികളെ ഗുരുതര നിലയില്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ചെറുവത്തൂര്‍ വി വി സ്മാരക ആശുപത്രിയില്‍ ചികിത്സ തേടി. ഏതാനും വിദ്യാര്‍ത്ഥികള്‍ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വീടുകളിലേക്ക് പോയി. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ചയാണ്
സ്കൂളില്‍ നിന്ന് കാര്‍ണിവലില്‍ സന്ദര്‍ശനം നടത്തിയത്. വിനാഗിരിയും ഉപ്പും കലര്‍ത്തി ഭരണിയിലെ വെള്ളത്തില്‍ സൂക്ഷിച്ചിരുന്ന നെല്ലിക്കയാണ് വിദ്യാര്‍ത്ഥികള്‍ കഴിച്ചിരുന്നത്. ഞായറാഴ്ചയാണ് കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടായത്. രക്ഷിതാക്കള്‍ ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പിലിക്കോട് കാര്‍ണിവല്‍ നഗരിയില്‍ എത്തി പരിശോധന നടത്തുകയും നെല്ലിക്കയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കുകയും ചെയ്തു.
നെല്ലിക്ക കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത ഉണ്ടായതെന്നും ഐസ് ക്രീം, വെളളം, മറ്റ് ആഹാര പദാര്‍ത്ഥങ്ങളൊന്നും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായില്ലെന്നും തിമിരി ഹൈസ്ക്കൂള് പി.ടി.എ പ്രസിഡണ്ട് നാരായണന് പറഞ്ഞു. സ്കൂളില്‍ നിന്ന് പോയ മറ്റു കുട്ടികള്‍ക്കൊന്നും പ്രയാസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കാര്ണിവലിനുള്ളില് വെച്ച് കഴിച്ച നെല്ലിക്കയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടാകാന്‍ കാരണമെന്ന് പറയാറായിട്ടില്ലെന്ന് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയരക്ടര്‍ ഡോ.ടി. വനജ പറഞ്ഞു. ഏറ്റവും കൂടുതല്‍ സ്കൂള്‍ കുട്ടികള്‍ പ്രദര്‍ശനം കാണാന്‍ എത്തിയ ദിവസമാണ് ശനിയാഴ്ച. മറ്റ് സ്കൂള്‍ കുട്ടികള്‍ ആരും പരാതിപ്പെട്ടിട്ടില്ല. എങ്കിലും തിമിരി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ സംശയം പറഞ്ഞതിനാല്‍ നെല്ലിക്ക വില്പന നിര്‍ത്തി വെക്കുകയും മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുമുണ്ടെന്നും ഡോ.വനജ പറഞ്ഞു.
ഭാര്യയുടെ മയ്യിത്തെടുത്തപ്പോൾ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു
ആളുമാറി മരണം; ഭാര്യ ജീവനൊടുക്കി ഒരാഴ്ചക്കുശേഷം യുവാവ് ശരിക്കും മരിച്ചു