വാഷിംഗ്ടണ്‍- ഇലോണ്‍ മസ്‌കിന്റെ അസ്ഥിരമായ പെരുമാറ്റത്തിന് പിന്നില്‍ മയക്കുമരുന്നിന്റെ സ്വാധീനവുമുണ്ടാകാമെന്ന് സംശയം. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിലാണ് മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് പറയുന്നത്.
ഇലോണ്‍ മസ്‌ക് അനുഭവിക്കുന്ന ഉയര്‍ന്ന സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയും അദ്ദേഹത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ടാകുമെങ്കിലും മയക്കുമരുന്നിന്റെ ഉപയോഗവും പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നത് എക്‌സ്, ടെസ്‌ല കമ്പനികളിലെ ഡയറക്ടര്‍മാര്‍ക്കിടയിലും പരസ്യമായ രഹസ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള പെരുമാറ്റ പ്രതികരണങ്ങളും അദ്ദേഹത്തിന്റെ കമ്പനികളേയും കോടിക്കണക്കിന് ഓഹരികളേയും ബാധിക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്. സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ്, ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ് എഐ എന്നിവ ഉള്‍പ്പെടെ ആറ് പ്രധാന കമ്പനികളാണ് ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ളത്.
ലോകമെമ്പാടുമുള്ള വിവിധ സ്വകാര്യ പാര്‍ട്ടികളില്‍ മസ്‌ക് പലപ്പോഴും എല്‍എസ്ഡി, കൊക്കെയ്ന്‍, എക്സ്റ്റസി, സൈക്കഡെലിക് മഷ്‌റൂമുകള്‍ തുടങ്ങിയവ ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലെ ജോ റോഗന്‍ പോഡ്കാസ്റ്റിന്റെ ഒരു എപ്പിസോഡിനിടെ മസ്‌ക് പരസ്യമായി കഞ്ചാവ് വലിച്ചിരുന്നു. ഇത് നാസയുടെ വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തു. കമ്പനി ഫെഡറല്‍ ഡ്രഗ് ഫ്രീ വര്‍ക്ക്പ്ലേസ് ആക്ട് പാലിക്കുന്നുവെന്ന് സ്‌പേസ് എക്സില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ആവശ്യപ്പെടുകയും ചെയ്തു.
ടെസ്ല ബോര്‍ഡ് അംഗങ്ങളും മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പരസ്പരം സംസാരിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക ബോര്‍ഡ് അജണ്ടകളിലോ മീറ്റിംഗ് മിനിറ്റ്‌സുകളിലോ വെളിപ്പെടുത്തുന്ന ഔപചാരികമായ ആശങ്കകള്‍ ഉന്നയിച്ചിട്ടില്ലെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും നിലവിലെ ചെയര്‍മാന്‍ റോബിന്‍ ഡെന്‍ഹോം ഉള്‍പ്പെടെ നിരവധി ടെസ്ല ഡയറക്ടര്‍മാര്‍ 'മയക്കുമരുന്ന്' എന്ന വാക്ക് ഉപയോഗിക്കാതെ മസ്‌കിന്റെ പെരുമാറ്റത്തില്‍ സഹായത്തിനായി മസ്‌കിന്റെ സഹോദരന്‍ കിംബാല്‍ മസ്‌കിനെ സമീപിച്ചിരുന്നു.
മസ്‌കിന്റെ പെരുമാറ്റത്തിലും മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കയിലും മുന്‍ ടെസ്ല ഡയറക്ടര്‍ ലിന്‍ഡ ജോണ്‍സണ്‍ റൈസ് നിരാശയായിരുന്നുവെന്നും 2019-ല്‍ ടെസ്ല ഡയറക്ടറായി വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് പറയുന്നു.