ന്യുദല്‍ഹി- പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ദുരിതാശ്വാസത്തിനും വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ഇതുവരെ ഔദ്യോഗികമായി ഒരു വിദേശ സഹായ വാഗ്ദാനവും ലഭിച്ചിട്ടില്ലെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപോര്‍ട്ട് ചെയ്യുന്നു. വിദേശത്തു നിന്ന് സഹായം സ്വീകരിക്കുന്നതിനോട് തുറന്ന സമീപനമാണ് എന്നാല്‍ ഇത് നിലവിലെ ചട്ടങ്ങള്‍ക്കും നടപടികള്‍ക്കു വിധേയമായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇതു യാഥാര്‍ത്ഥ്യമായാല്‍ 2004 മുതല്‍ ഇന്ത്യ പിന്തുടര്‍ന്ന നയത്തില്‍ നിന്നുള്ള വലിയ മാറ്റമായിരിക്കും.
കേന്ദ്രം നിലപാടു മാറ്റിയാല്‍ അത് പ്രളയ ദുരന്തം തകര്‍ത്തെറിഞ്ഞ കേരളത്തിന് വലിയ ആശ്വാസമാകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടന്നു വരുന്നുണ്ടെങ്കിലും ദീര്‍ഘകാലത്തേക്കുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഫണ്ട് കേരളത്തിന്റെ പക്കലില്ല. ഇതുവരെ ലഭിച്ച കേന്ദ്ര സഹായവും മതിയായ തുകയല്ല. മൊത്തം 20,000 കോടിയോളം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കണക്കാക്കിയിട്ടുണ്ടെങ്കിലും ഇതില്‍ കേന്ദ്രത്തിന്റെ വകയായി എത്ര ലഭിക്കുമെന്നും വ്യക്തമല്ല. അടിയന്തര സഹായമായി കേരളം 2,000 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രം ഇതുവരെ നല്‍കിയത് വെറും 600 കോടി രൂപ മാത്രമാണ്.
ഇതിനിടെയാണ് യുഎഇ 700 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. എന്നാല്‍ ഈ തുക ഇന്ത്യ സ്വീകരിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇന്ത്യ വിദേശ സഹായം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയതായി നേരത്തെ തായ്‌ലാന്‍ഡ് അംബാസഡറും ട്വീറ്റ് ചെയ്തിരുന്നു. അതേസമയം വിദേശങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ അയക്കാമെന്നും ഇതിനു നികുതി ഈടാക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.