മുംബൈ- ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനെക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് ജെറ്റ് എയര്‍വേസ് ഉടമ നരേഷ് ഗോയല്‍. വായ്പ്പാത്തട്ടിപ്പുക്കേസില്‍ ജയിലില്‍ കഴിയുന്ന നരേഷ് ഗോയല്‍ കോടതിയില്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വികാരഭരിതനായത്. കഴിഞ്ഞ ദിവസമായിരുന്നു കോടതി അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്.
ജഡ്ജി എംജി ദേശ്പാണ്ഡെക്ക് മുന്നില്‍ ഇരുകൈകളും കൂപ്പി നിറകണ്ണുകളോടെയാണ് അദ്ദേഹം നിലവിലെ അവസ്ഥ വ്യക്തമാക്കിയത്. കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണണമെന്നും കോടതിയില്‍ നരേഷ് ഗോയല്‍ അഭ്യര്‍ത്ഥന നടത്തി. 'തന്റെ ആരോഗ്യനില വളരെ അപകടകരമാണ്. ഭാര്യയുടെയും ഏക മകളുടേയും അവസ്ഥയും മോശമാണ്. തന്നെ സഹായിക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. കാല്‍മുട്ടുകള്‍ക്ക് നീരുണ്ട്. വേദനകൊണ്ട് മടക്കാന്‍ പോലും സാധിക്കുന്നില്ല. മൂത്രമൊഴിക്കുമ്പോള്‍ കലശലായ വേദനയുണ്ട്. ചില സമയത്ത് മൂത്രത്തിനൊപ്പം രക്തവും പുറത്തുപോവുന്നു. ജെജെ ആശുപത്രിയിലേക്ക് തന്നെ മാറ്റിയതുകൊണ്ട് ഒരു കാര്യവുമില്ല. ജയില്‍ ഉദ്യോഗസ്ഥരുടെ ജോലി സൗകര്യം കണക്കിലെടുത്ത സഹതടവുകാര്‍ക്കൊപ്പമാണ് ആശുപത്രിയിലേക്കും തിരിച്ചും കൊണ്ടുപോകുന്നത്. ഈ യാത്ര ബുദ്ധിമുട്ടുള്ളതും മടുപ്പിക്കുന്നതും സഹിക്കാന്‍ കഴിയാത്തതുമാണ്. ആശുപത്രിയില്‍ രോഗികളുടെ തിക്കും തിരക്കും കാരണം ആവശ്യമുള്ള സമയത്ത് ഡോക്ടറെ കാണാന്‍ സാധിക്കുന്നില്ല. ഇതെല്ലാം തന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ജെജെ ആശുപത്രിയിലേക്ക് അയക്കുന്നതിനേക്കാള്‍ ജയിലില്‍ മരിക്കുന്നതാണ് ഭേദം' -നരേഷ് ഗോയല്‍ കോടതിയില്‍ പറഞ്ഞു.
കനറാ ബാങ്കുമായി ബന്ധപ്പെട്ട 538 കോടിയുടെ വായ്പാത്തട്ടിപ്പുകേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന അദ്ദേഹം ജാമ്യാപേക്ഷ നല്‍കിയിരുന്നു. അതേസമയം, നരേഷ് ഗോയലിന്റെ പ്രശ്‌നങ്ങള്‍ താന്‍ വ്യക്തമായി അന്വേഷിച്ചുവെന്നും അദ്ദേഹം സംസാരിച്ചപ്പോള്‍ ശരീരം മുഴുവന്‍ വിറയ്ക്കുന്നുണ്ടായിരുന്നെന്നും എംജി ദേശ്പാണ്ഡെ കോടതി രേഖകളില്‍ കുറിച്ചു. മാനസികമായും ശാരീരികമായും എല്ലാ തരത്തിലുമുള്ള ചികിത്സാ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് ഗോയലിനെ അറിയിച്ചതായി ജഡ്ജി വ്യക്തമാക്കി. ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നരേഷ് ഗോയലിന്റെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.