മോഡിക്കെതിരായ വിമര്‍ശനത്തിനു പിന്നാലെ മാലദ്വീപ് ബഹിഷ്‌കരണം, മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു

മാലി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് മാലദ്വീപ് ബഹിഷ്‌കരണ ആഹ്വാനം സമൂഹമാധ്യമത്തിൽ ട്രെന്‍ഡായതിനു പിന്നാലെ മലദ്വീപില്‍ മൂന്നു മന്ത്രിമാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൊന്നിനെ തടുര്‍ന്നാണ് #boycottMaldives എന്ന ഹാഷ്ടാഗ് സമൂഹ മാധ്യമത്തില്‍ ട്രെന്‍ഡായത്.

ട്രെന്‍ഡിലേക്ക് നയിച്ചതിന് കാരണമായ വിമര്‍ശനത്തിന്റെ പേരിലാണ് മൂന്ന് മന്ത്രിമാരെ  സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മന്ത്രിമാരായ മറിയം ഷിയുന, മല്‍ശ ഷെരീഫ്, ഹസന്‍ സിഹാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അയല്‍രാജ്യമായ ഇന്ത്യയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയ ചില പോസ്റ്റുകളുമായി ബന്ധപ്പെട്ടാണ് നടപടി. ഇന്ത്യന്‍ സര്‍ക്കാരിന്റെ  സര്‍ക്കാര്‍ പദവിയിലിരിക്കെ സോഷ്യല്‍ മീഡിയയില്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടവരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മാലദ്വീപ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. യുവ ശാക്തീകരണം, ഇന്‍ഫര്‍മേഷന്‍, ആര്‍ട്‌സ് ഡെപ്യൂട്ടി മന്ത്രിയായിരുന്ന മറിയം ഷിയൂനയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്.  പ്രധാനമന്ത്രി മോഡി കോമാളിയും ഇസ്രായില്‍ പാവയെന്നുമായിരുന്നു വിമര്‍ശം. ലൈഫ് ജാക്കറ്റുമായി ഇസ്രായില്‍ പാവ നരേന്ദ്ര മോഡിയെന്ന പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.
അതിനിടെ, മന്ത്രിമാരുടെ സസ്‌പെന്‍ഷന്‍ വ്യാജ വാര്‍ത്തയാണെന്നാണ് ഹസന്‍ സിഹാന്‍ പ്രതികരിച്ചിരിക്കുന്നത്.

2023 നവംബറില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരമേറ്റ ശേഷം ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്നും രാജ്യത്തിന്റെ ഇന്ത്യ ആദ്യമെന്ന നയം മാറ്റുമെന്നും വ്യക്തമാക്കിയതിനെ തുടര്‍ന്ന്  ഇന്ത്യ- മാലദ്വീപ് ബന്ധം വഷളായിരുന്നു.

 

Latest News