ഗാസ- ഭാര്യയെയും രണ്ടു മക്കളെയും പേരക്കുട്ടിയെയും ഇസ്രായിൽ സൈന്യത്തിന്റെ ക്രൂരതയിൽ നഷ്ടമായ അൽ ജസീറയുടെ ഗാസ ബ്യൂറോ ചീഫ് വെയ്ൽ ദഹ്ദൂഹിന്റെ ഒരു മകനെ കൂടി ഇന്ന് ഇസ്രായിൽ കൊന്നു. തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിന് പടിഞ്ഞാറ് ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ വെയ്ൽ ദഹ്ദൂഹിന്റെ മകൻ ഹംസ ദഹ്ദൂഹ് കൊല്ലപ്പെട്ടത്. ഹംസ ദഹ്ദൂഹും ഫോട്ടോ ജേണലിസ്റ്റായിരുന്നു. ഹംസ ദഹ്ദൂഹ് സഞ്ചരിച്ച വാഹനത്തിൽ മിസൈൽ നേരിട്ട് പതിച്ചാണ് ദുരന്തമുണ്ടായത്. സഹപ്രവർത്തകൻ മുസ്തഫ തുറയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. 52 കാരനായ വെയ്ൽ ദഹ്ദൂഹിന് ഒക്ടോബറിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ഭാര്യയെയും മകളെയും മകനെയും പേരക്കുട്ടിയെയും നഷ്ടമായിരുന്നു.
ഖാൻ യൂനിസിനെ റഫയുമായി ബന്ധിപ്പിക്കുന്ന റോഡിന് സമീപമുള്ള ഒരു റെസിഡൻഷ്യൽ സോണിനെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം രാത്രി ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിന്റെ ചിത്രമെടുക്കുന്നതിന് വേണ്ടി പുറപ്പെടുമ്പോഴാണ് ഹംസക്കും സഹപ്രവർത്തകനും നേരെ ഇസ്രായിൽ സൈന്യം ആക്രമണം നടത്തിയത്.