കോയമ്പത്തൂർ - പന്തല്ലൂരിൽ മൂന്നുവയസുകാരിയെ കടിച്ചു കൊന്ന പുലിയെ വനം വകുപ്പ് വെടിവച്ചു. പുലിക്ക് വെടിയേറ്റതായാണ് വിവരം. അങ്കൺവാടിയിൽ നിന്ന് അമ്മയ്‌ക്കൊപ്പം മടങ്ങുന്നതിനിടെയാണ് തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശികളുടെ മകളായ ഝാൻസി എന്ന കൊച്ചു കുട്ടി ഇന്നലെ വൈകീട്ട് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പുലിയെ പിടികൂടണമെന്നും വെടിവച്ച് കൊല്ലണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട്-ഗൂഡല്ലൂർ ദേശീയ പാതയും പന്തല്ലൂർ താലൂക്കിലെ റോഡ് ഉപരോധിച്ചും കടകളടച്ചും നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. പുലിയെ പിടികൂടാതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നുമാണ് നാട്ടുകാർ പ്രതികരണം. ഇന്ന് രാവിലെ ഏഴിടങ്ങളിലായാണ് നാട്ടുകാർ റോഡ് ഉപരോധിച്ച് തങ്ങളുടെ പ്രതിഷേധം ജ്വലിപ്പിച്ചുനിർത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 1.55നാണ് പുലിക്ക് ആദ്യ ഡോസ് മയക്കുവെടി വച്ചത്. പുലിയെ ഉടനെ പിടികൂടാനാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.