ന്യൂദൽഹി- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കോമാളിയെന്നും ഇസ്രായിലിന്റെ പാവയെന്നും വിശേഷിപ്പിച്ച മാലദ്വീപ് മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. മാലദ്വീപിലെ യുവ ശാക്തീകരണം, ഇൻഫർമേഷൻ ആന്റ് ആർട്സ് ഡെപ്യൂട്ടി മന്ത്രി മറിയം ഷിയൂനയാണ് മോഡി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ശേഷം അപകീർത്തി പരാമർശം നടത്തിയത്.
എന്തൊരു കോമാളി. ലൈഫ് ജാക്കറ്റുമായി മുങ്ങൽ വിദഗ്ധനായ ഇസ്രയേലിന്റെ പാവയാണ് മിസ്റ്റർ നരേന്ദ്രമോഡി എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ശക്തമായ എതിർപ്പ് ഉയർന്നതോടെ സമൂഹമാധ്യമമായ എക്‌സിൽനിന്ന് പോസ്റ്റ് മന്ത്രി പിൻവലിച്ചു. മറ്റൊരു പോസ്റ്റിൽ, മാലദ്വീപിന് ഈ മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്ന് ഷിയുന ട്വീറ്റ് ചെയ്തിരുന്നു. ഷിയൂനക്ക് പുറമെ മാലിയിലെ മറ്റ് ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളും ഇന്ത്യക്ക് എതിരെ പരാമർശവുമായി രംഗത്തെത്തി.
മാലദ്വീപിലെ മറ്റ് ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളും സോഷ്യൽ മീഡിയയിൽ ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും എതിരെ മ്ലേച്ഛമായ പരാമർശങ്ങൾ നടത്തി. ലക്ഷദ്വീപ് സന്ദർശിച്ച ശേഷം മോഡി പോസ്റ്റ് ചെയ്ത ചിത്രങ്ങളെ തുടർന്നാണ് മാലിദ്വീപ് മന്ത്രിമാരും നേതാക്കളും പരാമർശങ്ങളുമായി രംഗത്തെത്തിയത്. അതേസമയം, മന്ത്രിമാരുടെ മാന്യതയില്ലാത്ത നടപടി ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്.