കണ്ണൊന്ന് തെറ്റിയപ്പോള്‍ വളര്‍ത്തു നായ തിന്നത് വീട്ടില്‍ സൂക്ഷിച്ച മൂന്നേകാല്‍ ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ വരുന്ന കറന്‍സികള്‍

പെന്‍സില്‍വാനിയ - കണ്ണൊന്ന് തെറ്റിയപ്പോള്‍ വളര്‍ത്തുനായ തിന്നത് വീട്ടില്‍ സൂക്ഷിച്ച മൂന്നേകാല്‍ ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ വരുന്ന കറന്‍സികള്‍. സംഭവം നടന്നത് അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ്. ദമ്പതികളായ ക്ലേറ്റണിന്റെയും കാരിലോയ്ക്കയുടെയും ഓമനയായ സെസില്‍ എന്ന വളര്‍ത്തു നായയാണ്  അടുക്കളയില്‍ ഒരു കവറിലിട്ട് വെച്ചിരിക്കുകയായിരുന്ന 4000 ഡോളറിന്റെ കറന്‍സികള്‍ ചവച്ച് തിന്നത്. ഇന്ത്യന്‍ രൂപയില്‍ ഇത് മൂന്നേകാല്‍ ലക്ഷത്തിലേറെ വരും. ബില്ലുകള്‍ അടയ്ക്കുന്നതിനടക്കം വിവിധ ചെലവുകള്‍ക്ക് വേണ്ടി സൂക്ഷിച്ചതായിരുന്നു പണം. നായ പണം തിന്നുന്നത് ആദ്യം കണ്ടത് ക്ലേറ്റണ്‍ ആയിരുന്നു. ഉടനെ തന്നെ അയാള്‍ കാരിയേയും വിളിച്ചു. 'സെസില്‍ പണം തിന്നുന്നുവെന്ന് പറഞ്ഞ് ക്ലേറ്റണ്‍ അലറുന്നത് കേട്ടാണ് താന്‍ അവിടെ എത്തിയതെന്നാണ് കാരി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. നായയുടെ വയറ്റില്‍ നിന്ന് കറന്‍സികള്‍ തിരിച്ചു കിട്ടുന്നതിനായി ദമ്പതികള്‍ ഉടന്‍ തന്നെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടി. നായയെ ഛര്‍ദ്ദിപ്പിച്ചതിലൂടെയും മറ്റും തിന്ന കുറേ നോട്ടുകള്‍ പുറത്തെത്തി. എന്നാല്‍, നോട്ടുകള്‍ മുറിഞ്ഞ് കഷണങ്ങളായ നിലയിലായിരുന്നു. ഇരുവരും ചേര്‍ന്ന് അതിന്റെ സീരിയല്‍ നമ്പറും മറ്റും നോക്കിയെടുത്ത് ബാങ്കിലറിയിക്കുകയും അത് ബാങ്കില്‍ നിന്ന് തിരികെ കിട്ടാനുള്ള മാര്‍ഗം അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. 

 

Latest News