ബാങ്കോക്- ആഴക്കടലില്‍ മാത്രം കാണുന്ന ഓര്‍ഫിഷിനെ ജലോപരിതലത്തില്‍ കിട്ടിയതോടെ പരിഭ്രാന്തരായി തായ്‌ലന്റിലെ മത്സ്യത്തൊഴിലാളികള്‍. ഭൂകമ്പ മത്സ്യമെന്ന് പ്രാദേശികമായി വിശേഷിപ്പിക്കുന്ന ഓര്‍ഫിഷിനെയാണ് ജനുവരി മൂന്നാം തിയ്യതിആന്‍ഡമാന്‍ കടലില്‍ തായ് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത്.
വിധിയുടെ ദൂതനെന്നും ഭൂകമ്പത്തിന്റെ ദൂതന്‍ എന്നൊക്കെയാണ് പ്രാദേശികമായി ഓര്‍ഫിഷിനെ നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്. ആയിരം മീറ്ററില്‍ താഴെ കാണുന്ന മീന്‍ ജലോപരിതലത്തിലെത്തിയാല്‍ ഭൂകമ്പവും സുനാമിയും നാശം വിതക്കുമെന്നാണ് ആശങ്കപ്പെടുന്നത്. പതിനൊന്ന് മീറ്റര്‍ വരെ നീളത്തില്‍ വളരുന്നതാണ് ഈ മീന്‍.
ഓര്‍ഫിഷിനെ ആഴം കുറഞ്ഞ വെള്ളത്തില്‍ കണ്ടെത്തിയാല്‍ ഭൂകമ്പത്തിനും സൂനാമിക്കും തയ്യാറെടുക്കണമെന്നാണ് ജാപ്പനീസ് നാടോടിക്കഥകളില്‍ പറയുന്നത്. പുതുവത്സര ദിനത്തില്‍ ജപ്പാനില്‍ ഭൂകമ്പം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ഓര്‍ഫിഷിനെ മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടിയത്.
സാറ്റൂണിന്റെ പരിസരത്ത് ഭൂകമ്പ മീനിനെ കണ്ടെത്തിയതിനാല്‍ ആന്‍ഡമാന്‍ തീരത്ത് ഭൂകമ്പമുണ്ടാകാനുള്ള സാധ്യതയുടെ സൂചനയാണെന്നാണ് പ്രദേശവാസിയായ ബൂമറേഞ്ച് പറഞ്ഞത്. അതോടൊപ്പം സുനാമിക്കും സാധ്യതയുണ്ടെന്നും അയാള്‍ പറയുന്നു.
ഓര്‍ഫിഷ് 'ഭൂകമ്പ മത്സ്യം' എന്നും അറിയപ്പെടുന്നുണ്ടെന്ന് കാസെറ്റ്സാര്‍ട്ട് യൂണിവേഴ്സിറ്റിയിലെ മറൈന്‍ ഇക്കോളജി ലക്ചറര്‍ തോന്‍ തമ്രോങ്നാവാസവതിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓര്‍ഫിഷ് ആഴക്കടല്‍ മത്സ്യമാണെന്നും അത് ഉപരിതലത്തില്‍ വരുമ്പോള്‍ പലപ്പോഴും ഭൂകമ്പങ്ങള്‍ സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ആന്‍ഡമാന്‍ കടലിലേക്ക് തണുത്ത വെള്ളം പ്രവേശിക്കുന്നതാണ് അസാധാരണമായി മത്സ്യം ഉയര്‍ന്നു വരാന്‍ കാരണമെന്നും തമ്രോങ്നാവാസവത് പറയുന്നു.