കൊൽക്കത്ത- പശ്ചിമ ബംഗാളിലെ വസതിയിൽ റെയ്ഡിനിടെ കാണാതായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചപ്പോഴാണ് ഷാജഹാൻ ഷെയ്ഖും സംഘവും വീട്ടിൽനിന്ന് രക്ഷപ്പെട്ടത്. തൃണമൂൽ നേതാവ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ചെങ്കിലും അതിർത്തിയിൽ സുരക്ഷാ സേനയുടെയും ബംഗ്ലാദേശ് റൈഫിൾസിന്റെയും കർശന നിരീക്ഷണം ഉണ്ടായിരുന്നതിനാൽ കഴിഞ്ഞില്ലെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഷെയ്ഖും കുടുംബവും സംസ്ഥാനത്ത് എവിടെയോ ഒളിച്ചിരിക്കുകയാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസിയുടെ സംഘം തൃണമൂൽ നേതാവിന്റെ വസതിയിലെത്തിയത്. കോടികളുടെ റേഷൻ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അറസ്റ്റിലായ മന്ത്രി ജ്യോതിപ്രിയോ മല്ലിക്കിന്റെ അടുത്ത അനുയായിയാണ് ഷെയ്ഖ്.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിൽ തിരച്ചിൽ സംഘത്തിന് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ തങ്ങളുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റതായും അവരുടെ മൊബൈൽ ഫോണുകളും വാലറ്റുകളും പോലുള്ള സ്വകാര്യ വസ്തുക്കളും തട്ടിയെടുത്തതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. നേതാവിന്റെ വീട്ടിൽ എത്തിയപ്പോൾ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. മൊബൈൽ ലൊക്കേഷൻ അനുസരിച്ച് അദ്ദേഹം വീടിന് അകത്തു തന്നെയുണ്ടായിരുന്നു. എന്നാൽ അരമണിക്കൂറിനകം വൻ ജനക്കൂട്ടം കല്ലുകളും ഇഷ്ടികകളുമായി ഇ.ഡി സംഘത്തെ ആക്രമിക്കുകയായിരുന്നു.