ബെംഗളൂരു- വില കൂടിയ എയര്‍പോഡ് നഷ്ടമായപ്പോള്‍ പോലീസില്‍ പരാതി കൊടുക്കണോ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യണോ എന്ന സംശയമൊന്നും മുംബൈയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍ നിഖില്‍ ജെയിനുണ്ടായിരുന്നില്ല. സംഗതി എക്‌സില്‍ പോസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്കകം കാണാതെ പോയ എയര്‍പോഡ് കൈയിലേക്കെത്തി.
കേരളത്തില്‍ അവധിക്കാലം ആഘോഷിക്കുന്നതിനാണ് നിഖില്‍ ജയിന്‍ എത്തിയത്. കേരളത്തിലെ ഒരു ദേശീയോദ്യാനത്തിലേക്കുള്ള യാത്രയില്‍ എയര്‍പോഡ് ബസ്സില്‍ മറന്നുവെച്ചു. സംഭവം തിരിച്ചറിഞ്ഞപ്പോള്‍ ബസ് തിരികെ വരാന്‍ കാത്തുനില്‍ക്കുകയും തിരികെയെത്തിയ ബസില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ അതിനകത്ത് എയര്‍പോഡുണ്ടായിരുന്നില്ല. ഈ സമയത്താണ് പോലീസ് പരാതിയെക്കാള്‍ സാമൂഹ്യ മാധ്യമങ്ങളുടെ പോസ്റ്റിനെ അദ്ദേഹം വിശ്വസിച്ചത്.
തന്റെ എയര്‍പോഡ് യാത്രക്കാരിലാരോ എടുത്തതായി മനസ്സിലാക്കിയതോടെ അതിനെ ട്രാക്ക് ചെയ്യുകയായിരുന്നു ആദ്യം ചെയ്ത നടപടി. ട്രാക്കിംഗില്‍ ആദ്യം താനുള്ള സ്ഥലത്തു നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ദേശീയോദ്യാനത്തിലുള്ളതായി തിരിച്ചറിഞ്ഞു. അതിനടുത്ത ദിവസം ജയിന്‍ താമസിച്ച ഹോട്ടലിന്റെ സമീപത്തെ ഹോട്ടലിലായിരുന്നു ട്രാക്കിംഗ് കിട്ടിയത്. ഉടന്‍ കേരളാ പൊലീസിനേയും കൂട്ടി ഹോട്ടലിനെ സമീപിച്ചെങ്കിലും ലൊക്കേഷന്‍ പ്രകാരം കൃത്യമായ മുറി ചൂണ്ടിക്കാണിക്കാത്തതിനാല്‍ അവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഉപഭോക്താവിന്റെ അവകാശം ചൂണ്ടിക്കാട്ടി കൂടുതല്‍ സഹായം നല്‍കാന്‍ ഹോട്ടല്‍ അധികൃതര്‍ വിസമ്മതിച്ചുവെന്നും ജെയിന്‍ പറഞ്ഞു.
പിന്നീട് എയര്‍പോഡിന്റെ യാത്ര മംഗലാപുരം വഴി ഗോവയിലേക്കായിരുന്നു. പിന്നീട് ഗോവന്‍ അതിര്‍ത്തിയില്‍ തന്നെയായിരുന്നു എയര്‍പോഡെന്ന് മനസ്സിലായതോടെ അവിടുത്തുകാരുടെ കൈവശമാണ് തന്റെ എയര്‍പോഡുള്ളതെന്ന് ജെയിന്‍ തിരിച്ചറിയുകയും ചെയ്തു.
അതോടെ എക്‌സില്‍ പോസ്റ്റിടുകയായിരുന്നു. തന്റെ പുതിയ എയര്‍പോഡ് കേരളത്തില്‍ നഷ്ടപ്പെട്ടുവെന്നും രണ്ടു ദിവസമായി സൗത്ത് ഗോവയില്‍ കാണിക്കുന്നുണഅടെന്നും സൗത്ത് ഗോവയിലെ ഡോ. അല്‍വാരോ ഡി ലൊയോള ഫുര്‍ട്ടാഡോ റോഡിന് ചുറ്റുമുള്ള ആരെങ്കിലുമുണ്ടോ എന്ന വിവരത്തില്‍ മറുപടി വന്നു.
ഗൂഗിള്‍ സ്ട്രീറ്റ് മാപ്പിന്റെ സഹായത്തോടെ മറ്റൊരു ഉപഭോക്താവ് എയര്‍പോഡുള്ള വീടിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും വിവരം പറയുകയും ചെയ്തു.
തന്റെ ബന്ധുക്കള്‍ താമസിക്കുന്ന വീടാണെന്നും അവരുടെ അയല്‍വാസികള്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ പോയതായും അവരുമായി ബന്ധപ്പെട്ടപ്പോള്‍ മര്‍ഗോവ പോലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്ന വിവരവും ട്വീറ്റ് ചെയ്തു.
പിറ്റേ ദിവസം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ എയര്‍പോഡ് അവിടെ എത്തിയതായി ഉറപ്പ് ലഭിക്കുകയായിരുന്നു.