കൊച്ചി- മസാജ് പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍. കാക്കനാട് കുസുമഗിരി സ്വദേശി കാളങ്ങാട്ട് വീട്ടില്‍ ആഷില്‍ ലെനിന്‍ (25) ആണ് എക്‌സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് വ്യാപാര അളവിലുള്ള 38 ഗ്രാം എം. ഡി. എം. എ, രണ്ടുഗ്രാം ഹാഷിഷ് ഓയില്‍, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇയാള്‍ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന രണ്ട് സ്മാര്‍ട്ട് ഫോണ്‍, 9100 രൂപ എന്നിവയും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.
വൈറ്റില- സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ ഹെര്‍ബല്‍ പീജിയണ്‍ ആയുര്‍വേദ തെറാപ്പി ആന്റ് സ്പാ എന്ന മസാജ് പാര്‍ലര്‍ നടത്തി വരികയായിരുന്നു. ഇതിന്റെ മറവിലായിരുന്നു മയക്കു മരുന്ന് കച്ചവടം. മസാജ് പാര്‍ലറുകളില്‍ രാസലഹരി ഉപയോഗിക്കപ്പെടുന്നതായുള്ള വിവരം നേരത്തെ തന്നെ എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ഒട്ടാകെയുള്ള മസാജ് സെന്ററുകളില്‍ വ്യാപകമായ പരിശോധനകള്‍ നടത്തിയിരുന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മയക്കുമരുന്നുമായി പിടിയിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്ന് എറണാകുളം ടൗണ്‍ ഭാഗങ്ങളിലെ മസാജ് പാര്‍ലറുകള്‍ നിരീക്ഷിച്ച് വരികയായിരുന്നു.
വൈറ്റില സഹോദരന്‍ അയ്യപ്പന്‍ റോഡിലെ ഹെര്‍ബല്‍ പീജിയന്‍ എന്ന സ്പായില്‍ അസ്വഭാവികമായ തിരക്ക് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം ഇവിടെ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. വിപണിയില്‍ മൂന്ന് ലക്ഷം രൂപയോളം മതിപ്പ് വിലയുള്ള അത്യന്തം വിനാശകാരിയായ ബ്രൗണ്‍ മെത്ത് വിഭാഗത്തില്‍ പെടുന്ന എം. ഡി. എം. എയാണ് പിടിച്ചെടുത്തത്.
മനുഷ്യ നിര്‍മ്മിത ഉത്തേജക മരുന്നായ ബ്രൗണ്‍ മെത്ത് കേന്ദ്രനാഡീ വ്യൂഹത്തെയാണ് പ്രധാനമായും സ്വാധീനിക്കുന്നത്. ഇതിന്റെ തുടര്‍ച്ചായ ഉപയോഗം ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസ്സംഗത, തലവേദന എന്നിവ തുടങ്ങി ഹൃദയാഘാതം വരെ സംഭവിക്കാന്‍ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള രാസലഹരി 10 ഗ്രാം കൈവശം വച്ചാല്‍ തന്നെ 20 വര്‍ഷത്തെ കഠിന തടവിനും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതര കൃത്യമാണ്.
മയക്കുമരുന്നുകള്‍ സുഹൃത്തുക്കള്‍ വഴി ഡല്‍ഹിയില്‍ നിന്നെത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ മയക്ക് മരുന്ന് ഇടപാടില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തും. ഇയാളുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയ വരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്‌സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും സ്പാകളിലുള്ള പരിശോധന വരും ദിവസങ്ങളിലും തുടരും എന്നും എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എന്‍ സുധീര്‍ അറിയിച്ചു.
സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ കെ. പി. പ്രമോദ്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത് കുമാര്‍, സി. പി. ജിനേഷ് കുമാര്‍, എം. ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എന്‍. ഡി. ടോമി, സി. ഇ. മാരായ ടി. പി. ജെയിംസ്, വിമല്‍ കുമാര്‍ സി. കെ, നിഷ എസ്, മേഘ വി. എം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.