തിരുവനന്തപുരം- 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂര്‍ത്തിയാക്കി, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തി. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവില്‍ (എല്‍1) എത്തിയതായി ഐ.എസ്.ആര്‍.ഒ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്തോഷ വാര്‍ത്ത എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഇതിനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്നു വൈകിട്ടു നാലിന് വിജകരമായി പൂര്‍ത്തിയായി. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജന്‍സിയാണ് ഐഎസ്ആര്‍ഒ. അഞ്ചു വര്‍ഷം ഇവിടെ തുടര്‍ന്ന് സൂര്യനെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാന്‍ഡുകളിലൂടെ പ്രവര്‍ത്തിപ്പിച്ചാണു ഭ്രമണപഥമാറ്റം നടത്തിയത്. സൂര്യനും ഭൂമിക്കും ഇടയില്‍ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എല്‍1 ബിന്ദുവിലെ പ്രത്യേക സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തിയതോടെ, ഇനി അധികം ഇന്ധനം ഉപയോഗിക്കാതെ ദീര്‍ഘകാലത്തേക്കു പേടകത്തെ അവിടെ നിലനിര്‍ത്താം. സൂര്യനെ കൂടുതല്‍ അടുത്തുനിന്നു നിരീക്ഷിക്കാനും പഠിക്കാനുമായി 2023 സെപ്റ്റംബര്‍ 2നു ശ്രീഹരിക്കോട്ടയില്‍നിന്നാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്.