ന്യൂഡൽഹി - വിമാനത്താവളത്തിൽ വ്യാജ പാസ്‌പോർട്ടുമായി ആൾമാറാട്ടം നടത്താൻ ശ്രമിച്ചതിന് രണ്ട് വിദേശികൾ അറസ്റ്റിൽ. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബൾഗേറിയൻ പാസ്‌പോർട്ടുമായി രണ്ട് ഇറാൻ പൗരന്മാരാണ് പിടിയിലായത്.
നേരത്തെ ഡൽഹിയിലെത്തിയിരുന്ന ഇവർ പാരീസിലേക്ക് പോകാനെത്തിയപ്പോഴാണ് പിടിയിലായത്. ഇറാൻ പൗരന്മാരായ കിയരാഷ് നിയാസ്മന്ദ്, ഫരീദ് സദേഗി എന്നിവരാണ് അറസ്റ്റിലായത്.
ഇസ്തംബൂളിൽനിന്നും ഡിസംബർ 31-നാണ് ഇരുവരും ഇന്ത്യയിലെത്തിയത്. തുടർന്ന് ഇന്നലെ വരെ ഇരുവരും ഡൽഹിയിൽ തങ്ങുകയായിരുന്നു. ഉച്ചയ്ക്ക് 1.45-നുള്ള വിസ്താര വിമാനത്തിൽ പാരീസിലേക്ക് പോകാനായിരുന്നു പദ്ധതി. വിമാനത്താവളത്തിൽ എത്തിയ ഇവരെ സംശയം തോന്നി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതോടെയാണ് ആൾമാറാട്ടം നടത്താനുള്ള ശ്രമം പുറത്തായത്. ഇവരുടെ കൈവശമുള്ള ഇറാൻ പാസ്‌പോർട്ടുകൾ കണ്ടെടുത്ത് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണെന്ന് ഡൽഹി പോലീസ് പറഞ്ഞു.
.