Sorry, you need to enable JavaScript to visit this website.

കൊടും തണുപ്പ് സഹിക്കാനായില്ല, ഓടുന്ന ട്രെയിനില്‍ ചാണക വറളി ഇട്ട് തീ കത്തിച്ച് യാത്രക്കാര്‍, ഒടുവില്‍ പിടി വീണു

അലിഗഡ് (ഉത്തര്‍പ്രദേശ്) - ട്രെയിനില്‍ യാത്ര ചെയ്യവേ കൊടും തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന ട്രെയിനില്‍ ചാണക വറളി കത്തിച്ച യുവാക്കള്‍ അറസ്റ്റിലായി.  അസമില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ ജനറല്‍ കോച്ചിലാണ് ചാണക വറളിയിട്ട് കത്തിച്ച് യുവാക്കള്‍ തീകാഞ്ഞത്. ട്രെയിന്‍ ഉത്തര്‍പ്രദേശിലെ അലിഗഢില്‍ എത്തിയപ്പോഴാണ് ജനറല്‍ കോച്ചില്‍ നിന്ന് പുക ഉയരുന്നത് ആര്‍ പി എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്  ഒരു കൂട്ടം യാത്രക്കാര്‍ ചുറ്റിലും ഇരുന്ന് തീകായുന്നതായി കണ്ടത്.  ഫരീദാബാദ് സ്വദേശികളായ ചന്ദന്‍ കുമാര്‍, ദേവേന്ദ്ര സിംഗ് എന്നിവരെയാണ് റെയില്‍വേ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു എന്ന വകുപ്പ് ചുമത്തിയാണ് നടപടി. ജനറല്‍ കോച്ചിനുള്ളില്‍ തണുപ്പ് കൂടുതലാണെന്നും സഹിക്കവയ്യാതെയാണ് ചാണക വറളി കത്തിച്ചതെന്നും യുവാക്കള്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവര്‍ക്കൊപ്പം തീകാഞ്ഞ 14 യാത്രക്കാരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു.

Latest News