തൊടുപുഴ - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കി ജില്ലയിലെത്തുന്ന 9 ന് എൽ.ഡി.എഫ് ഇടുക്കി ഹർത്താൽ പ്രഖ്യാപിച്ചു. നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂ പതിവ് ഭേദഗതി നിയമത്തിൽ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഗവർണർക്കെതിരെ എൽ ഡി എഫ് രാജ്ഭവൻ മാർച്ച് നടത്തുന്ന 9 ന് തന്നെ അദ്ദേഹം ഇടുക്കിയിൽ എത്തുന്നത് ജനത്തോടുള്ള വെല്ലുവിളിയാണെന്ന് എൽ ഡി എഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭൂനിയമ ഭേദഗതിക്കെതിരെ നിലപാട് എടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ഗവർണർ എത്തുന്നത്.