Sorry, you need to enable JavaScript to visit this website.

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ടു പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

ലോസ്ഏഞ്ചല്‍സ് -ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. കരീബിയന്‍ ദ്വീപിന്റെ തീരത്തുണ്ടായ വിമാനാപകടത്തിലാണ് ജര്‍മന്‍ വംശജനായ ക്രിസ്റ്റ്യന്‍ ഒലിവറും പെണ്‍മക്കളും മരണപ്പെട്ടതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു  30 വര്‍ഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യന്‍ ഒലിവര്‍ ടോം ക്രൂസിനും ജോര്‍ജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 
ക്രിസ്റ്റ്യന്‍ ഒലിവറും പെണ്‍മക്കളും ഒരു സിംഗിള്‍ എഞ്ചിന്‍ വിമാനത്തിലെ യാത്രക്കാരായിരുന്നു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. സെന്റ് വിന്‍സെന്റിലെ ബെക്വിയ ദ്വീപ് വിമാനത്താവളത്തില്‍ നിന്നും ഗ്രനേഡൈന്‍സിലേക്ക് വിമാനം പുറപ്പെട്ടതെന്നാണ് റോയല്‍ സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ് പൊലീസ് ഫോഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെന്റ് ലൂസിയയിലേക്കുള്ള യാത്രാമധ്യേ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് പ്രശ്‌നമുണ്ടാവുകയായിരുന്നു എന്നും തുടര്‍ന്ന് വിമാനം കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.  അപകടത്തെത്തുടര്‍ന്ന്, മത്സ്യത്തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരും കോസ്റ്റ് ഗാര്‍ഡ് അംഗങ്ങളും സംഭവസ്ഥലത്തെത്തിയിരുന്നു, ഒലിവര്‍ (51), അദ്ദേഹത്തിന്റെ പെണ്‍മക്കളായ ആനിക് (10), മഡിത ക്ലെപ്സര്‍ (12), വിമാനത്തിന്റെ പൈലറ്റ് എന്നിവരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന നാല് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. കോസ്റ്റ് ഗാര്‍ഡ് മൃതദേഹങ്ങള്‍ ബോട്ടില്‍ ഒരു പ്രാദേശിക മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. അതേ സമയം വെള്ളിയാഴ്ച രാത്രി വരെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

 

Latest News