Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ കോഴിക്കോട്ട് 11ന് തുടങ്ങും 

കോഴിക്കോട്- കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പ് ജനുവരി 11, 12, 13, 14 തീയതികളില്‍ നടക്കും. യുനെസ്‌കോ സാഹിത്യനഗരം എന്ന പദവി നേടിയ കോഴിക്കോട് നടക്കുന്ന കെഎല്‍എഫിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി പ്രഗത്ഭര്‍ പങ്കെടുക്കും. 500ലധികം പ്രമുഖര്‍ പങ്കെടുക്കുന്ന 300ലേറെ സംവാദങ്ങള്‍ക്ക് ബീച്ചില്‍ നടക്കുന്ന ഫെസ്റ്റിവല്‍ സാക്ഷ്യം വഹിക്കും. ആറ് വേദികളില്‍ നാല് ദിവസങ്ങളിലായി ശാസ്ത്രം, സാങ്കേതികം, ചരിത്രം, കല, രാഷ്ട്രീയം, സാഹിത്യം, സംരഭകത്വം, ആരോഗ്യം, യാത്ര, സംഗീതം, സാമ്പത്തികം, കായികം തുടങ്ങി വിവിധ മേഖലകള്‍ ചര്‍ച്ചചെയ്യപ്പെടും.
ഉര്‍ഹാന്‍ പാമുക്കിനെയും എലിഫ് ഷെഫാക്കിനെയും ലോക സാഹിത്യത്തിന് സമ്മാനിച്ച തുര്‍ക്കിയാണ് അതിഥി രാജ്യം. തുര്‍ക്കി റിപ്പബ്ലിക്കിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കും ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയാകും. ബ്രിട്ടന്‍, വെയ്ല്‍സ്, ജപ്പാന്‍, യുഎസ്എ, മലേഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ പ്രമുഖരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.
നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ഥി, തുര്‍ക്കി അംബാസിഡര്‍ ഫിറാത് സുനേ, എബ്രഹാം വര്‍ഗ്ഗീസ്, വില്യം ഡാല്‍റിമ്പിള്‍, ജെറി പിന്റോ, അമീഷ് ത്രിപാഠി, മോണിക ഹെലന്‍, ബൃന്ദ കാരാട്ട്, പീയുഷ് പാണ്ഡെ, തൗണോജം ബൃന്ദ (മണിപ്പൂര്‍), കൃഷ് അശോക്, പ്രഹ്ലാദ് കക്കര്‍, പ്രകാശ് രാജ്, പളനിവേല്‍ ത്യാഗരാജന്‍, പെരുമാള്‍ മുരുകന്‍, മല്ലിക സാരാഭായ്, രഘുറാം രാജന്‍, ഗുര്‍ചരണ്‍ ദാസ്, മണിശങ്കര്‍ അയ്യര്‍, കാനന്‍ ഗില്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, ബര്‍ഖ ദത്ത്, ദുര്‍ജോയ്ദത്ത, സൂരജ് യെങ്‌ഡെ, ശോഭ തരൂര്‍ ശ്രീനിവാസന്‍, സുന്ദര്‍ സര്‍ക്കൈ, അല്‍ക്ക പാണ്ഡെ, പ്രീതി ഷെണോയി, ബാച്ചി കര്‍ക്കാരിയ, ശശി തരൂര്‍, മുഗ്ധ സിന്‍ഹ, പാറക്കാല പ്രഭാകര്‍, എം ടി, എം മുകുന്ദന്‍, എന്‍ എസ് മാധവന്‍, ഷീല, സക്കറിയ, ഉര്‍വ്വശി ഭൂട്ടാലിയ, എതിരന്‍ കതിരവന്‍, ടി ഡി രാമകൃഷ്ണന്‍, സുനില്‍ പി ഇളയിടം തുടങ്ങി നിരവധി പ്രമുഖര്‍ വായനക്കാരുമായി സംവദിക്കും.
ഇത്തവണ കുട്ടികള്‍ക്കായൊരുക്കന്ന ചില്‍ഡ്രന്‍സ് കെഎല്‍എഫ് മനു ജോസ് ആണ് ക്യൂറേറ്റ് ചെയ്യുന്നത്. അശ്വതിയും ശ്രീകാന്തും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തസാദരം എം ടി, ടി എം കൃഷ്ണയും വിക്കു വിനായക്റാമും ചേര്‍ന്ന് നയിക്കുന്ന കര്‍ണ്ണാടിക് സംഗീതനിശ, റൂമിയുടെ ജന്മനാടായ കോന്യയില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സൂഫി നൃത്തം, ചായ് മെറ്റ് ടോസ്റ്റ് ബാന്‍ഡിന്റെ സംഗീതനിശ ഉള്‍പ്പെടെ വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ദിവസവും രാത്രി വിവിധ ഭാഷകളിലെ പ്രശസ്തചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.
കവി കെ സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും രവി ഡിസി ചീഫ് ഫെസിലിറ്റേറ്ററുമാണ്. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് രവി ഡിസി, എകെ അബ്ദുല്‍ ഹക്കീം, എ പ്രദീപ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

Latest News