മുംബൈ- അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ രത്നഗിരിയിലുള്ള കുട്ടിക്കാലത്തെ വീടും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് മൂന്ന് സ്വത്തുക്കളും വെള്ളിയാഴ്ച ലേലം ചെയ്തു.
ദാവൂദ് ഇബ്രാഹിമിന്റെ മാതാവ് ആമിന ബിയുടെ പേരിലാണ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഫേമ നിയമപ്രകാരമാണ് ലേലം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ദക്ഷിണ മുംബൈയിലെ ആയകര്‍ ഭവനിലാണ് ലേലം നടന്നത്.
പട്ടികപ്പെടുത്തിയ നാല് സ്വത്തുക്കളില്‍ രണ്ടെണ്ണത്തിന് മാത്രമാണ് വിജയകരമായ ലേലമുണ്ടായത്. 15,440 രൂപ റിസര്‍വ് വിലയുള്ള കൃഷിഭൂമി ലേലത്തില്‍ പോയത് 2.01 കോടി രൂപയ്ക്കാണ്. ആകെ നാല് ലേലക്കാരാണ് ഈ വസ്തുവിന് വേണ്ടി വന്നത്.
കരുതല്‍ വിലയായ 3.28 ലക്ഷം രൂപ ലേലത്തില്‍ പോയതും മറ്റൊരു കൃഷിഭൂമിയാണ്. ഇതിന് 1,56,270 രൂപയാണ് റിസര്‍വ് വിലയുണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലേലത്തില്‍ വിജയിച്ച ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഡല്‍ഹി ആസ്ഥാനമായുള്ള ഒരു അഭിഭാഷകനായിരുന്നു ലേലത്തില്‍ പങ്കെടുത്തത്.
നേരത്തെ 2017ലും 2020ലും അധോലോക ഡോണിന്റെ 17-ലധികം സ്വത്തുക്കള്‍ സഫേമ ലേലം ചെയ്തിരുന്നു.
1993-ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതിയായ ദാവൂദ് 1983-ല്‍ മുംബൈയിലേക്ക് മാറുന്നതിന് മുമ്പ് മുംബാകെ ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്.
ദാവൂദിനെ ഐക്യരാഷ്ട്ര സുരക്ഷാ പ്രമേയം 1267 പ്രകാരം ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. യു എ പി എ 1967 നിയമത്തിന്റെ നാലാം ഷെഡ്യൂളിന് കീഴിലും പട്ടികപ്പെടുത്തിയിട്ടുണ്ട്.