Sorry, you need to enable JavaScript to visit this website.

ഒമ്പതു വയസ്സുള്ള ഗാസയിലെ ജേണലിസ്റ്റ്....അത്ഭുതം കാട്ടുന്ന ഫലസ്തീന്‍ ബാല്യം

ഗാസ- ഒരു പ്രസ്സ് വെസ്റ്റും ഹെല്‍മറ്റും ധരിച്ച്, ഗാസയിലെ ഏറ്റവും പ്രായം കുറഞ്ഞ പത്രപ്രവര്‍ത്തക മൈക്കുമായി നില്‍ക്കുമ്പോള്‍ മനസ്സില്‍ ഒരേയൊരു ലക്ഷ്യം മാത്രം. ഫലസ്തീന്‍ കുട്ടികളുടെ ശബ്ദം ലോകത്തിന് മുന്നില്‍ കേള്‍പ്പിക്കുക.

ഒക്ടോബര്‍ 7 മുതല്‍ തുടരുന്ന യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ മാധ്യമപ്രവര്‍ത്തകരായി ഉയര്‍ന്നുവന്ന നിരവധി ധീരഹൃദയരുടെ ഇടയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്  ഗാസയില്‍ നിന്നുള്ള 9 വയസ്സുകാരി ലാമ അഹമ്മദ് അബു ജമൂസ്. ഇന്‍സ്റ്റാഗ്രാമില്‍ 600,000 ത്തിലധികം ഫോളോവേഴ്സ് ഉള്ള ലാമ ഫലസ്തീന്‍ കുട്ടികളുടെ മുഖം, യുദ്ധത്തിനിടയില്‍ അവരുടെ ആവലാതികള്‍ എല്ലാം ലോകത്തിന് മുമ്പില്‍ കൊണ്ടുവരുന്നു.
'ഫലസ്തീന്‍ മക്കളുടെ ശബ്ദം ലോകം കേള്‍ക്കണം: പീഡിപ്പിക്കപ്പെട്ട, പട്ടിണികിടക്കുന്ന, നിര്‍ജ്ജലീകരണം ബാധിച്ച, നാടുകടത്തപ്പെട്ട കുട്ടികളുടെ ദൈന്യം ലോകമറിയണം. എല്ലാ പീഡനങ്ങളിലൂടെയും അവര്‍ കടന്നുപോയിട്ടുണ്ടെങ്കിലും, അവരുടെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല- ഗാസ ന്യൂസ് ലൈവ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത അഭിമുഖത്തില്‍ ലാമ അഭിപ്രായപ്പെട്ടു.

അറബിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊച്ചു റിപ്പോര്‍ട്ടര്‍, യുദ്ധത്തിന്റെ ആദ്യനാളുകളില്‍ ഒരു സെല്‍ഫോണ്‍ ഉപയോഗിച്ചാണ് കുടുംബത്തിന്റെ പ്രോത്സാഹനത്തോടെ, ഗ്രൗണ്ടില്‍നിന്ന് സജീവമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ക്കിടയില്‍ വീട്ടിനിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായ ലാമ ആദ്യം ഖാന്‍ യൂനിസില്‍ അഭയം കണ്ടെത്തി. പിന്നീട് റാഫയിലേക്ക് പലായനം ചെയ്തു.

തന്റെ ദൗത്യത്തില്‍ ആത്മവിശ്വാസവും ആവേശവുമുള്ള ലാമ, ലോകം അറിയേണ്ട കഥകള്‍ തേടി അലയുകയും മൂന്ന് മാസത്തിനിടെ ആയിരക്കണക്കിന് ഹൃദയങ്ങളെ കീഴടക്കുകയും ചെയ്തു.


ഗാസയിലെ മഴയുടെ ആഘാതം, ഖാന്‍ യൂനിസിലെ വ്യോമാക്രമണങ്ങള്‍, അല്ലെങ്കില്‍ ഡോക്ടര്‍മാരുമായും പത്രപ്രവര്‍ത്തകരുമായും അഭിമുഖങ്ങള്‍ തുടങ്ങി വ്യത്യസ്തമായ വിഭവങ്ങളാണ് ലാമ പങ്കുവെക്കുന്നത്. ലാമയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സ്വന്തം ജനതയുടെ കഷ്ടപ്പാടുകള്‍ രേഖപ്പെടുത്തുന്നു. പത്രപ്രവര്‍ത്തകരായ  വെയ്ല്‍ അല്‍-ദഹ്ദൗ,  ബിസാന്‍ എന്നിവരുമായുള്ള അവളുടെ അഭിമുഖത്തിന് യഥാക്രമം 500കെ, 163കെ ലൈക്കുകളാണ് ലഭിച്ചത്.

 

 

 

Latest News