ന്യൂദല്‍ഹി - ഇന്ത്യന്‍ ബജറ്റ് എയര്‍ലൈന്‍ ഇന്‍ഡിഗോ അതിന്റെ എല്ലാ ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാനങ്ങളിലും ഇന്ധന സര്‍ചാര്‍ജുകള്‍ ഒഴിവാക്കി. തീരുമാനം വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നു.
ഈ തീരുമാനം വിമാന ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും. യാത്രക്കാര്‍ക്ക് ഇത് ആശ്വാസമാകും.
വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) വില കൂടിയതോടെയാണ 2023 ഒക്ടോബറില്‍ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ഈ നിരക്ക് ടിക്കറ്റിനൊപ്പം ഈടാക്കുകയായിരുന്നു.
നവംബറില്‍ ആറ് ശതമാനവും ഡിസംബറില്‍ നാല് ശതമാനവും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന വില കുറഞ്ഞിരുന്നു. ജനുവരി 1 ന് ഏകദേശം 4% കുറച്ചു. ഇതിന് മുമ്പ് മൂന്ന് മാസം ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായി ഉയര്‍ന്നിരുന്നു. നാല് മാസത്തെ എടിഎഫ് വിലയില്‍ വര്‍ധനവിന് ഇത് കാരണമായി. ഇത് എല്ലാ റൂട്ടുകളിലും ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചു. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ ഏകദേശം 40-45% ഇന്ധനവിലയാണ്.
ഇന്ധന വിലയുടെ അസ്ഥിര സ്വഭാവം വെല്ലുവിളി ഉയര്‍ത്തുന്നുവെങ്കിലും ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നതും തടസ്സരഹിതവുമായ യാത്രാ അനുഭവം നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയില്‍ എയര്‍ലൈന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് എയര്‍ലൈനുകളും ഈ പാത പിന്തുടരുമെന്നാണ് പ്രതീക്ഷ.