ന്യൂഡൽഹി - ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിച്ച അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച നേതാക്കൾക്ക് പ്രസ്തുത ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് പച്ചക്കൊടി വീശിയതായി റിപോർട്ട്. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കണോ നിരസിക്കണോ എന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ കോൺഗ്രസിൽ ഉയർന്നതിന് പിന്നാലെയാണ് പുതിയ റിപോർട്ട്. ഇൻഡ്യ ടുഡേ ടി.വിയെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപോർട്ട് ചെയ്തത്.
ഇന്നലെ ഡൽഹിയിൽ സംസ്ഥാന നേതാക്കളുമായി നടത്തിയ യോഗത്തിൽ യു.പിയിൽനിന്നും ബിഹാറിൽനിന്നുമുള്ള നേതാക്കളാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന വിഷയം ഉയർത്തിയത്. ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനോ പ്രാർത്ഥിക്കുന്നതിനോ പാർട്ടി ഒരു നേതാക്കളെയും തടഞ്ഞ് യാതൊരു നിർദേശവും നല്കിയിട്ടില്ലെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചതായാണ് റിപോർട്ടിലുള്ളത്.
രാജ്യസഭ പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്കും കോൺഗ്രസ് പാർലമെന്ററി സമിതി നേതാവ് എന്ന നിലയിൽ സോണിയാ ഗാന്ധിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നും ഖാർഗെ പറഞ്ഞു. ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കണമെന്ന് പല മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രതികരിച്ചപ്പോൾ തന്നെ ക്ഷണിച്ചില്ലെങ്കിലും താൻ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു വ്യക്തമാക്കിയിരുന്നു. ഈമാസം 20ന് യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയും ബിഹാർ പി.സി.സി അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിങും രാമക്ഷേത്രം സന്ദർശിക്കുമെന്നും റിപോർട്ടുകളുണ്ട്. എന്നാൽ, ബാബരി മസ്ജിദിന്റെ ഇതപര്യന്തമുള്ള സംഘപരിവാറിന്റെ എല്ലാ ചതിക്കുഴികളിലും വീണ കോൺഗ്രസിന് ക്ഷേത്ര പ്രതിഷ്ഠയിൽ എങ്ങനെ മാറി നിൽക്കാനാകുമെന്ന് മതനിരപേക്ഷ പക്ഷത്തുനിന്നും ഇടത് കേന്ദ്രങ്ങളിൽനിന്നും രൂക്ഷ പരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ക്ഷേത്രപ്രതിഷ്ഠ വിവാദത്തിൽ ബി.ജെ.പി കുരുക്കിൽ കോൺഗ്രസ് വീഴില്ലെന്ന് സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ നേരത്തെ പ്രതികരിച്ചിരുന്നു. എന്തായാലും കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായിതന്നെ ഇക്കാര്യത്തിൽ അന്തിമ നിലപാട് പരസ്യമാക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകരും രാജ്യത്തെ മതനിരപേക്ഷ ശക്തികളും.