Sorry, you need to enable JavaScript to visit this website.

സുരക്ഷാ-കാലാവസ്ഥ പ്രശ്‌നം: പാക് തെരഞ്ഞെടുപ്പ് നീട്ടണമെന്ന് സെനറ്റിൽ പ്രമേയം; ഊർജിത നീക്കങ്ങളുമായി പാർട്ടികൾ

ഇസ്‌ലാമാബാദ് - അടുത്തമാസം എട്ടിന് നടക്കാനുള്ള പാകിസ്താൻ ദേശീയ പൊതുതെരഞ്ഞെടുപ്പ് നീട്ടണമെന്നാവശ്യപ്പെട്ട് പാകിസ്താൻ സെനറ്റ് നോൺ ബൈൻഡിംഗ് പ്രമേയം പാസാക്കി.
 ഇന്ന് പാർലമെന്റിന്റെ ഉപരിസഭയിലെ 97 സെനറ്റർമാരിൽ 14 പേർ മാത്രം പങ്കെടുത്ത ഒരു സെഷനിലാണ് ഒന്നിനെതിരെ 13 പേർ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തത്.
 സ്വതന്ത്ര അംഗമായ ദിലാവർ ഖാൻ അവതരിപ്പിച്ച പ്രമേയം, രാജ്യത്തെ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും തണുത്തുറഞ്ഞ കാലാവസ്ഥയും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് തിയ്യതി ഫെബ്രുവരി എട്ടിൽനിന്ന് നീട്ടാൻ ആവശ്യപ്പെട്ടു. 
രാജ്യത്തെ പ്രമുഖ രാഷ്ട്രീയക്കാരുടെ ജീവനു നേർക്കുള്ള ഭീഷണിയും ചില പ്രവിശ്യകളിലെ സുരക്ഷാ പ്രശ്‌നങ്ങളും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കഠിനമായ ശൈത്യകാലത്ത് തെരഞ്ഞെടുപ്പ് നടത്തിയാൽ അത് പ്രചാരണത്തിലും ബുദ്ധിമുട്ടുണ്ടാക്കും. ഇത് തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തെ ബാധിക്കുമെന്നും അതിനാൽ തെരഞ്ഞെടുപ്പ് തിയ്യതി മാറ്റണമെന്നും പ്രമേയാവതാരകൻ ആവശ്യപ്പെട്ടു.
 എന്നാൽ, പാകിസ്താന്റെ 75 വർഷത്തെ ചരിത്രത്തിൽ ഇതുവരെയായി നടന്ന 11 പൊതുതെരഞ്ഞെടുപ്പുകളിൽ മൂന്നെണ്ണം (1985, 1997, 2008) നടന്നത് ഫെബ്രുവരിയിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുൻ പ്രധാനമന്ത്രിമാരായ ഇംറാൻ ഖാന്റെയും നവാസ് ശരീഫിന്റെയും പാർട്ടികൾ തമ്മിലാകും തെരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടം. 2022 ഏപ്രിലിൽ ഇംറാൻ ഖാൻ സർക്കാറിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയാണ് നവാസ് ശരീഫിന്റെ സഹോദരൻ ശഹബാസ് ശരീഫ് പാക് പ്രധാനമന്ത്രിയായത്. തുടർന്ന് ആഗസ്തിൽ പാർലമെന്റ് പിരിച്ചുവിട്ടശേഷം അൻവാറുൽ ഹഖ് കാകർ പ്രധാനമന്ത്രിയായി കാവൽ മന്ത്രിസഭയാണ് നിലവിൽ രാജ്യം ഭരിക്കുന്നത്. 
 അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ ചികിത്സയ്ക്കായി ലണ്ടനിൽ പോയി തിരിച്ചുവരാതെ അവിടെത്തന്നെ കഴിഞ്ഞ നവാസ് ശരീഫ് നാലുവർഷത്തെ പ്രവാസജീവിതത്തിനുശേഷം കഴിഞ്ഞമാസം രാജ്യത്ത് തിരിച്ചെത്തിയത് രാഷ്ട്രീയകേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് ചൂട് കൂട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്താൻ താൻ രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴേക്കും കോടതി വിലക്ക് നീങ്ങിക്കിട്ടുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. 
 എന്നാൽ, ഔദ്യോഗിക പദവിയിലിരിക്കെ ലഭിച്ച സമ്മാനം(തോഷാഖാന) മറിച്ചുവിൽക്കൽ, ഔദ്യോഗിക രഹസ്യം പുറത്താക്കൽ കേസുകളിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഇംറാൻ ഖാനും തെരഞ്ഞെടുപ്പ് മുഖത്ത് സജീവമാകാൻ പടിച്ച കളിയെല്ലാം പയറ്റുന്നുണ്ട്. അദ്ദേഹത്തിന്റെ പത്രികയടക്കം, ആയിരത്തോളം പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും നാമനിർദേശ പത്രിക ഇതിനകം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരിക്കുകയാണ്. ഈ വിലക്കുകളും ചിഹ്നം സംബന്ധിച്ച പ്രശ്‌നങ്ങളുമെല്ലാം നീക്കാൻ ഇമ്രാൻഖാൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിൽ ഒരു കേസിൽ ഈ മാസം ഒൻപതിന് നിർണായക വിധിയുണ്ടാകുമെന്നാണ് റിപോർട്ട്.
 അതിനിടെ, മുൻ വർഷത്തിൽനിന്നും വ്യത്യസ്തമായി രാജ്യത്തെ സായുധ സംഘങ്ങളിൽനിന്നുള്ള ആക്രമണങ്ങളിൽ 2023-ൽ 60 ശതമാനം വർധനവ് ഉണ്ടായതായി ഇസ്‌ലാമാബാദ് ആസ്ഥാനമായുള്ള പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൺഫഌക്ട് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (പി.ഐ.സി.എസ്.എസ്) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Latest News