ജിദ്ദ - വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മകന്റെ ഘാതകന് നിരുപാധികം മാപ്പ് നല്‍കിയ സൗദി പൗരന്‍ ഹുമൈദ് അല്‍ഖരൈഖരി അല്‍ഹര്‍ബിക്ക് ആറു ലക്ഷ്വറി കാറുകള്‍ സമ്മാനിച്ചു. സ്വന്തം മകന്റെ ഘാതകന് മാപ്പ് നല്‍കാന്‍ മഹാമനസ്‌ക കാണിച്ച ഹുമൈദ് അല്‍ഖരൈഖരി അല്‍ഹര്‍ബിക്ക് ഹറബ് ഗോത്രമാണ് ആറു ലെക്‌സസ് ജീപ്പുകള്‍ സമ്മാനിച്ചത്. പ്രതിക്ക് മാപ്പ് നല്‍കിയതിനുള്ള ആദരവെന്നോണമാണ് കാറുകള്‍ സമ്മാനിക്കുന്നതെന്ന് ആറു ലെക്‌സസ് ജീപ്പുകളുടെ താക്കോലുകളും ഇസ്തിമാറകളും (വെഹിക്കിള്‍ രജിസ്‌ട്രേഷന്‍) കൈമാറി ഹറബ് ഗോത്രാംഗം പറഞ്ഞു.
മറ്റൊന്നും മോഹിച്ചല്ല താന്‍ പ്രതിക്ക് മാപ്പ് നല്‍കിയതെന്ന് പറഞ്ഞ് സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ തുടക്കത്തില്‍ ഹുമൈദ് അല്‍ഖരൈഖരി വിസമ്മതിച്ചു. എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവസാനം ഇദ്ദേഹം സമ്മാനങ്ങള്‍ സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വന്തം ഗോത്രം തന്നെയാണ് ഹുമൈദ് അല്‍ഖരൈഖരിക്ക് ആറു ലക്ഷ്വറി കാറുകള്‍ സമ്മാനിച്ചത്.
പത്തു ദിവസം മുമ്പാണ് ജിദ്ദയില്‍ വധശിക്ഷ നടപ്പാക്കുന്ന ചത്വരത്തില്‍ വെച്ച് വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സൗദി യുവാവ് അഹ്മദ് അല്‍ഖരൈഖരി അല്‍ഹര്‍ബിയുടെ ഘാതകനായ മുത്‌റക് ആയിദ് അല്‍മസ്‌റദി അല്‍ഖഹ്താനിക്ക് അഹ്മദിന്റെ പിതാവ് ഹുമൈദ് അല്‍ഖരൈഖരി അല്‍ഹര്‍ബി മാപ്പ് നല്‍കിയത്. വധശിക്ഷ നടപ്പാക്കുന്ന ചത്വരത്തില്‍ മുത്‌റക് അല്‍ഖഹ്താനിക്ക് ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടുമുമ്പായി വിധിപ്രസ്താവം വായിച്ചുകേള്‍പ്പിക്കുന്നതിനിടെ ഹുമൈദ് അല്‍ഹര്‍ബി പെട്ടെന്ന് മുന്നോട്ടുവന്ന് പ്രതിക്ക് മാപ്പ് നല്‍കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
ജിദ്ദ അല്‍ഹംദാനിയ ഡിസ്ട്രിക്ടില്‍ 2019 ല്‍ ആണ് കേസിനാസ്പദമായ സംഭവം. അര്‍ധരാത്രിയില്‍ ഒരുകൂട്ടം യുവാക്കള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തിനും വാക്കേറ്റത്തിനും കത്തിക്കുത്തിനുമിടെ മുപ്പതുകാരനായ അഹ്മദ് അല്‍ഹര്‍ബിയെ മുത്‌റക് ആയിദ് അല്‍ഖഹ്താനി കുത്തിക്കൊല്ലുകയായിരുന്നു. സംഘര്‍ഷത്തിനിടെ മറ്റേതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പങ്കെടുത്ത ആറു പേരെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. കാര്‍ പാര്‍ക്കിംഗ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി.
തന്റെ മകന് മാപ്പ് നല്‍കണമെന്ന് മുത്‌റക് അല്‍ഖഹ്താനിയുടെ മാതാവ് അഹ്മദ് അല്‍ഹര്‍ബിയുടെ കുടുംബത്തോട് കേണപേക്ഷിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പുറത്തുവിരുന്നു. തുടര്‍ന്ന് പ്രതിക്ക് മാപ്പ് നല്‍കണമെന്ന് നിരവധി സാമൂഹികമാധ്യമ ഉപയോക്താക്കളും അഭ്യര്‍ഥിച്ചു. പ്രതിക്ക് മാപ്പ് ലഭ്യമാക്കാന്‍ രാജകുമാരന്മാരും പൗരപ്രമുഖരും ഗോത്രനേതാക്കളും വ്യവസായികളും നേരത്തെ മധ്യസ്ഥശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഹുമൈദ് അല്‍ഹര്‍ബി വഴങ്ങിയിരുന്നില്ല. തന്റെ മകനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന ഹുമൈദ് അല്‍ഹര്‍ബി അവസാനം ശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മാപ്പ് നല്‍കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
— مقاطع منوعة (@AmiraAh26894828) January 4, 2024